എമിഷന്‍ പ്രശ്‌നം; ടാറ്റ ടിഗോര്‍ മോഡല്‍ തിരിച്ചുവിളിക്കുന്നു

എമിഷന്‍ സംബന്ധമായ ചെറിയ തകരാര്‍ പരിഹരിക്കുന്നതിനായാണ് നടപടിയെന്ന് ടാറ്റ വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ച് ആറിനും ഡിസംബര്‍ ഒന്നിനുമിടയില്‍ നിര്‍മിച്ചവയാണ് സൗജന്യ സര്‍വീസിങ്ങിന് വിധേയമാക്കുന്നത്. ഏഴായിരം മുതല്‍ ഒന്‍പതിനായിരം കാറുകള്‍ വരെ തിരിച്ചുവിളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശദാംശങ്ങള്‍ www.tatamotors.com എന്ന വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എമിഷന്‍ പ്രശ്നങ്ങളുണ്ടോയെന്ന സംശയത്തിലാണ് നടപടിയെങ്കിലും, ഈ കാലയളവില്‍ നിര്‍മിച്ച വാഹനങ്ങള്‍ ഓടിക്കുന്നതിന് യാതൊരു തടസവുമില്ലെന്ന് കമ്പനി പറയുന്നു.

ഉപഭോക്താക്കള്‍ സ്വന്തം നിലയ്ക്ക് ഒന്നും ചെയ്യേണ്ടതില്ല. ഡീലര്‍മാര്‍ വഴി ഓരോ ഉപഭോക്താവിനെയും നേരിട്ട് ബന്ധപ്പെടുമെന്ന് ടാറ്റ വ്യക്തമാക്കി. സെഡാന്‍ വിഭാഗത്തില്‍ മാരുതി ഡിസയറിനോട് കിടപടിക്കുന്ന ടിഗോറാണ് ഈ സെഗ്മെന്റിലെ ബെസ്റ്റ് സെല്ലര്‍. പ്രതിമാസം 2,655 യൂണിറ്റുകളാണ് വിറ്റഴിക്കപ്പെടുന്നത്. എന്നിരുന്നാലും ഡിസയറിനും ഹോണ്ട അമേസിനും ഹ്യുണ്ടായ് എക്സെന്റിനും പിന്നില്‍ നാലാം സ്ഥാനത്താണ് ടിഗോര്‍.

കഴിഞ്ഞ ജൂലൈയില്‍, എയര്‍ ബാഗ് കണ്‍ട്രോള്‍ യൂണിറ്റിലെ തകരാറിനെത്തുടര്‍ന്ന്  1279 സ്വിഫ്റ്റ്, ഡിസയര്‍ കാറുകള്‍ മാരുതി തിരിച്ചുവിളിച്ചിരുന്നു. അതിനുമുന്‍പ് മേയില്‍, ബ്രേക്ക് വാക്വം ഹോസിലെ തകരാര്‍ പരിഹരിക്കുന്നതിനായി 52,686 സ്വിഫ്റ്റ്, ബലേനോ മോഡലുകള്‍ക്കാണ് മാരുതി സൗജന്യ സര്‍വീസ് ലഭ്യമാക്കിയത്.