എഫ്.ഐ.ഐ നിക്ഷേപത്തില്‍ വർ‍ധന

2018ലെ ആദ്യ മൂന്നുമാസം വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി. പതിനയ്യായിരം കോടി രൂപയുടെ നിക്ഷേപമാണ് മൂന്നുമാസങ്ങളിലെ എഫ്.ഐ.ഐ നിക്ഷേപം. പതിവില്‍ നിന്നുവിപരീതമായി ചെറുകിട, മിഡ്ക്യാപ് ഓഹരികളാണ് നിക്ഷേപത്തിന് തിരഞ്ഞെടുത്തത്. 

സെബി പുറത്തുവിട്ട പുതിയ കണക്കിലാണ് ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഓഹരിവിറ്റൊഴിയുന്നതിനേക്കാള്‍ കൂടുതലായി വാങ്ങിക്കൂട്ടുന്നതായി വെളിപ്പെട്ടത്. 364 കമ്പനികളില്‍ എഫ്ഐഐ നിക്ഷേപം വര്‍ധിച്ചു. മുന്‍പ് ലാര്‍ജ് ക്യാപ് കമ്പനികളായിരുന്നു വിദേശ സ്ഥാപനങ്ങള്‍ക്ക് പ്രിയപ്പെട്ടവ. ഇന്ന്, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പരിപോഷിപ്പിക്കുന്ന, ചെറുകിട– ഇടത്തരം മൂലധനമുള്ള കമ്പനികളാണ് ശ്രദ്ധാകേന്ദ്രങ്ങള്‍. ഇത്തരത്തില്‍ എഫ്ഐഐ നിക്ഷേപമെത്തിയ ചില ഓഹരികള്‍ക്ക് നൂറു ശതമാനത്തിലേറെ വില കൂടുകയും ചെയ്തു. എക്സെല്‍ ഇന്‍ഡസ്ട്രീസ്, ഒമാക്സ് ഓട്ടോസ്, ഇന്‍ഫിനിറ്റ് കംപ്യൂട്ടര്‍ സൊല്യൂഷന്‍സ്, വിശാല്‍ ഫാബ്രിക്സ്, ഏഷ്യന്‍ ഹോട്ടല്‍സ്, ഗോദാവരി പവര്‍, ശക്തി പമ്പ്സ്, വെങ്കീസ്, െനല്‍കോ തുടങ്ങിയവയാണ് ഇത്തരത്തിലുള്ളവയില്‍ പ്രമുഖ കമ്പനികള്‍. സിമന്റ്, ഓട്ടോ, പേഴ്സണല്‍ കെയര്‍, പവര്‍ എന്നീ മേഖലകളിലുള്ള കമ്പനികളിലാണ് എഫ്ഐഐയുടെ ശ്രദ്ധ കൂടുതല്‍. മണ്‍സൂണ്‍ പ്രവചനങ്ങള്‍ ശരിയായാല്‍ ഈ മേഖലകള്‍ക്ക് ഇനി പ്രിയമേറുകയും ചെയ്യും. ഫെര്‍ട്ടിലൈസര്‍ കമ്പനികളാണ് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ നോട്ടമിട്ടിരിക്കുന്ന മറ്റൊരു മേഖല. നാല്‍പത് ഫെര്‍ട്ടിലൈസര്‍ കമ്പനികളില്‍ എഫ്ഐഐ നിക്ഷേപം നൂറുശതമാനത്തിലേറെ വര്‍ധിക്കുകയും ചെയ്തു. ഫാര്‍മ ഓഹരികളില്‍ നിക്ഷേപം സ്ഥിരതയാര്‍ജിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, എഫ്ഐഐ നിക്ഷേപം വര്‍ധിച്ച കമ്പനികളില്‍ സാധാരണ നിക്ഷേപകര്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് സൂക്ഷിച്ചുവേണമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നു. പൊതുവായി ഉരുത്തിരിയുന്ന സാഹചര്യങ്ങള്‍ സ്വയം വിലയിരുത്തിവേണം സാധാരണ നിക്ഷേപകര്‍ വിപണിയെ സമീപിക്കേണ്ടത്.