പിഎൻബി തട്ടിപ്പ്; പൊതുമേഖലാബാങ്കുകൾക്ക് നൽകുന്ന പാഠങ്ങൾ

പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാതട്ടിപ്പില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പൊതുമേഖലാ ബാങ്കുകള്‍. 250 കോടി രൂപയില്‍ കൂടുതല്‍ വായ്പയെടുത്തിട്ടുള്ള കമ്പനികള്‍ക്ക് വിവിധ ബാങ്കുകളെ ബന്ധപ്പെടുത്തിയുള്ള സാമ്പത്തിക ഇടപാടുകള്‍ അനുവദിക്കേണ്ടെന്നാണ് തീരുമാനം. വന്‍ ഇടപാടുകള്‍ക്ക് ശക്തമായ നിരീക്ഷണമേര്‍പ്പെടുത്താനും ധാരണയായിട്ടുണ്ട്. 

നിരവ് മോഡിയും മെഹുല്‍ ചോക്സിയും ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ് വഴിയാണ് കോടികളുടെ വായ്പാതട്ടിപ്പ് നടത്തിയത്. അതായത് പിഎന്‍ബിയെ ഉപയോഗിച്ച് മുപ്പതിലധികം ബാങ്കുകളെയും കബളിപ്പിക്കുകയായിരുന്നു ഇരുവരും. ഇനി ഇത്തരമൊരബദ്ധത്തില്‍പ്പെടരുതെന്ന ചിന്തയില്‍ നിന്നാണ് പൊതുമേഖലാ ബാങ്കുകള്‍ കര്‍ശന നടപടികളെക്കുറിച്ച് ആലോചിച്ചത്. ഇതനുസരിച്ച് 250 കോടിയില്‍ കൂടുതല്‍ വായ്പയെടുത്തിട്ടുള്ള കമ്പനികളുടെ വായ്പാ ഇടപാടുകള്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം പരിശോധിക്കും. 

ഒരേ കമ്പനിയുടെ വിവിധ വായ്പകള്‍ക്കുള്ള ഡോക്യുമെന്റുകള്‍ തയ്യാറാക്കുന്നത് പൊതുവായിട്ടായിരിക്കും. കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതെങ്കിലും ഒരു ബാങ്ക് മാത്രമായിരിക്കും കമ്പനിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുക. കണ്‍സോര്‍ഷ്യത്തില്‍ പരമാവധി പത്ത് ബാങ്കുകള്‍ മതിയെന്ന് സര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. വായ്പ ആവശ്യപ്പെടുന്ന കമ്പനികളില്‍ ബാങ്കുകള്‍ക്ക് ഓഹരി പങ്കാളിത്തം ആവശ്യപ്പെടുന്നതിനെക്കുറിച്ചും ആലോചനകള്‍ നടക്കുന്നുണ്ട്. പൊതുമേഖലാ ബാങ്ക് ജീവനക്കാരില്‍ തട്ടിപ്പിനെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കും. അടുത്ത ആറു മാസത്തിനുള്ളില്‍ ബാങ്കുകളുടെ ഐടി വിഭാഗം ശക്തിപ്പെടുത്താനും ഡല്‍ഹിയില്‍ ചേര്‍ന്ന ബാങ്ക് ടെക്നോളജി ഓഫിസര്‍മാരുടെ യോഗത്തില്‍ ധാരണയായി.