ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ച്‌ ഫിച്ച്

ലോക ബാങ്കിനുപിന്നാലെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ച് റേറ്റിങ്ങ് ഏജന്‍സിയായ ഫിച്ചും. അടുത്ത സാമ്പത്തികവര്‍ഷം രാജ്യം 7.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഫിച്ച് റിപ്പോര്‍ട്ട് ചെയ്തു. രണ്ടായിരത്തി പത്തൊന്‍പത് ഇരുപത് ആകുമ്പോഴേക്ക് വളര്‍ച്ച 7.5 ശതമാനമായി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

യുഎസ് ആസ്ഥാനമായ ഫിച്ചിന്റെ  ആഗോള സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചത്. നടപ്പുസാമ്പത്തിക വര്‍ഷം ഔദ്യോഗികമായി പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ അല്‍പം താഴെ, 6.5 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഫിച്ച് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിന്റെ കണക്കുകൂട്ടലില്‍ 6.6 ശതമാനമായിരുന്നു പ്രതീക്ഷ. പണത്തിന്റെ ക്രയവിക്രയം നോട്ട് അസാധുവാക്കലിന് മുമ്പുള്ള അവസ്ഥയിലേക്കെത്തിയെന്നും ഇത് വളര്‍ച്ചയ്ക്ക് അനുകൂലമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഎസ്ടിയുടെ തുടക്കത്തിലുണ്ടായിരുന്ന കല്ലുകടി മാറിയെന്നും ഫിച്ച് വിലയിരുത്തുന്നു. കൃഷി, നിര്‍മാണം, ഉല്‍പാദനം എന്നീ മേഖലകളുടെ പിന്തുണയില്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ത്രൈമാസത്തില്‍ 7.2 ശതമാനമായിരുന്നു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച. ഏപ്രില്‍ മുതല്‍ നടപ്പാകുന്ന ബജറ്റ് നിര്‍ദേശങ്ങള്‍ സാമ്പത്തിക ഭദ്രതയ്ക്ക് ഊന്നല്‍ നല്‍കുന്നു. ഇത് വളര്‍ച്ചയെ സഹായിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.