അറസ്റ്റില്‍ ഒറ്റക്കെട്ടായി പ്രതിപക്ഷം; ആപ്പിനൊപ്പം തെരുവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്

അരവിന്ദ് കേജ്‌രിവാളിന് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്കൊപ്പം തെരുവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി കേജ്‍രിവാളിന്‍റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ബഹുജനപ്രക്ഷോഭത്തിന് തുടക്കമെന്ന് സമാജ്​വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ഇന്ത്യ സഖ്യത്തിലുള്ളതും ഇല്ലാത്തതുമായ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ചെതിര്‍ക്കുകയാണ് കേജ്‍രിവാളിന്‍റെ അറസ്റ്റിനെ. പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള ബിജെപി ശ്രമമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ തുറന്നടിച്ചു. ഇ.ഡി നടപടി ഭരണഘടനാവിരുദ്ധമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. പേടിച്ച സ്വേച്ഛാധിപതി ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിയും കടുത്ത വിമര്‍ശനം ഉന്നയിച്ചു. 

തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയിലെ അറസ്റ്റ് അംഗീകരിക്കാനാകില്ലെന്നായിരുന്നു നടപടിയോടുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പ്രതികരണം. തോല്‍വി ഭയന്നുള്ള നീക്കമെന്നും ബഹുജനപ്രക്ഷോഭത്തിന് തുടക്കമാകുമെന്നും എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും വ്യക്തമാക്കി. അറസ്റ്റിനെ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഎമ്മും അത്യന്തം പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. അങ്ങേയറ്റം അപലപനീയമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ബിജെപിയുടേത് ഫാഷിസ്റ്റ് സര്‍ക്കാരെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. എഐഎഡിഎംകെ, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, ജെഎംഎം, ആര്‍ജെഡി, ബിആര്‍എസ് എന്നീ പാര്‍ട്ടികളും കേജ്‍രിവാളിന്‍റെ അറസ്റ്റിനെ അപലപിച്ച് രംഗത്തുവന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ താഴെയിറക്കി അധികാരം പിടിച്ച ആം ആദ്മി പാര്‍ട്ടിക്ക് പൂര്‍ണ പിന്തുണയുമായി ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവീന്ദര്‍ ലവ്‌‍ലിയുടെ നേതൃത്വത്തില്‍ നേതാക്കളും തെരുവിലിറങ്ങി.

സിവില്‍ ലൈന്‍സിലെ കേജ്‍രിവാളിന്‍റെ വീടിന് മുന്‍പിലെത്തിയാണ് ഡല്‍ഹി പിസിസി അധ്യക്ഷന്‍റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചത്. ഇന്ത്യ സഖ്യ പാര്‍ട്ടികള്‍ കേജ്‍രിവാളിന്‍റെ അറസ്റ്റിനെതിരെ സംയുക്ത പ്രതിഷേധവും സംഘടിപ്പിച്ചേക്കും. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിലുള്ളതും ഇല്ലാതത്തതുമായ പാര്‍ട്ടികളുടെ ഐക്യം ഊട്ടിയുറിപ്പിക്കാന്‍ ഇടവരുത്തിയിരിക്കുകയാണ് കേജ്‍രിവാളിന്‍റെ അറസ്റ്റ്.

Opposition slams Kejriwal's arrest, massive protest