പെണ്‍കുട്ടിയോട് മോശമായി പെരുമാറി; യെഡിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്

രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പക്കെതിരെ പോക്സോ കേസ്. സഹായം തേടിയെത്തിയ യുവതിക്കൊപ്പമുണ്ടായിരുന്ന 17കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് ബെംഗളൂരു സദാശിവ നഗര്‍ പൊലീസ് കേസെടുത്തത്. ആരോപണം യെഡിയൂരപ്പ നിഷേധിച്ചു. ഇന്നലെ രാത്രി വൈകിയാണു സദാശിവനഗര്‍ പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്. വ‍ഞ്ചനാക്കേസില്‍ സഹായം തേടിയാണു യുവതിയും 17 വയസുള്ള മകളും കഴിഞ്ഞ രണ്ടിന് സദാശിവനഗറിലെ യെഡിയൂരപ്പയുടെ വീട്ടിലെത്തിയത്. ഈസമയം യെഡിയൂരപ്പ  മകളോടു മോശമായി െപരുമാറിയെന്നാണു പരാതി. കേസെടുത്ത കാര്യം ആഭ്യന്തര മന്ത്രി ജി.പമേശ്വര സ്ഥിരീകരിച്ചു.

പെണ്‍കുട്ടിയും അമ്മയും ഒന്നരമാസം മുന്‍പാണു സഹായം തേടിയെത്തിയത്. കേസിന്റെ കാര്യം സിറ്റി പൊലീസ് കമ്മിഷണറുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനപ്പുറം ഒന്നും സംഭവിച്ചിട്ടില്ലെന്നാണു യെഡിയൂരപ്പയുടെ നിലപാട്. അതേസമയം പരാതിയുടെ ആധികാരികത ഉറപ്പുവരുത്താന്‍ പൊലീസിന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. പെണ്‍കുട്ടിയുടെ അമ്മ മുന്‍പും സമാന പരാതികള്‍ മറ്റു പലര്‍ക്കുമെതിരെയും നല്‍കിയിരുന്നുവെന്ന ആക്ഷേപം ഉയര്‍ന്നതോടെ ആണിത്. മാനസിക ദൗര്‍ബല്യം നേരിടുന്നയാളാണു പെണ്‍കുട്ടിയുടെ അമ്മയെന്നാണു പൊലീസ് ആഭ്യന്തരമന്ത്രിക്ക് നല്‍കിയിരിക്കുന്ന പ്രാഥമിക റിപ്പോര്‍ട്ട്.

Foremer Karnataka CM BS Yediyurappa booked under POCSO case