ഓസ്കറില്‍ ‘നോളനിസം’; ഏഴ് പുരസ്കാരങ്ങളുമായി ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പന്‍ഹൈമര്‍

96ാ മത് ഓസ്കര്‍ വേദിയില്‍ ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പന്‍ഹൈമറിന്റെ കിരീടധാരണം. മികച്ച ചിത്രം ഉള്‍പ്പടെ ഏഴ് പുരസ്കാരങ്ങള്‍ സ്വന്തമാക്കി.  നോളന്‍ മികച്ച സംവിധായകനും കിലിയന്‍ മര്‍ഫി മികച്ച നടനും റോബര്‍ട് ഡൗണി ജൂനിയര്‍ മികച്ച സഹനടനുമായി. ഒപ്പന്‍ഹൈമറിനൊപ്പം മല്‍സരിച്ച ബാര്‍ബി ഒരൊറ്റ പുരസ്കാരത്തിലൊതുങ്ങി. പുവര്‍ തിങ്സിലെ പ്രകടനത്തിന് എമ്മ സ്റ്റോണ്‍ മികച്ച നടിയായി. ജര്‍മന്‍ ചിത്രം ദി സോണ്‍ ഓഫ് ഇന്‍ട്രസ്റ്റാണ് മികച്ച രാജ്യാന്തര സിനിമ.  

മൂന്നുവട്ടം ഓസ്കര്‍ വേദിയില്‍ നിന്ന് നിരാശനായി മടങ്ങിയ ക്രിസ്റ്റഫര്‍ നോളന്റെ കൈകളിലേയ്ക്ക് ആണവായുധത്തിന്റെ പിതാവിന്റെ കഥപറഞ്ഞ ഓപ്പന്‍ഹൈമര്‍ സമ്മാനിച്ചത് രണ്ട് പുരസ്കാരങ്ങള്‍. മികച്ച ചിത്രത്തിനൊപ്പം മികച്ച സംവിധായകനായും ക്രിസ്റ്റഫര്‍ എഡ്വേര്‍ഡ് നോളന്‍. നോളന്റെ നായകന്‍ മികച്ച നടനും വില്ലന്‍ മികച്ച സഹനടുമായി.  ഇരുവരുടെയും ആദ്യ ഓസ്കര്‍

ഐമാക്സ് 65MM ബ്ലാക് ആന്‍ഡ് വൈറ്റ് ഫിലിമില്‍ ചിത്രീകരിച്ച ചരിത്രത്തിലെ ആദ്യ ചിത്രമായ ഓപ്പന്‍ൈഹമറിലൂടെ, ഹൊയെറ്റ് വാന്‍ ഹൊയെറ്റമ ഛായഗ്രഹണത്തിനുള്ള ഓസ്കര്‍ നേടി. എഡിറ്റിങ്, ഒറിജിനല്‍ സ്കോര്‍ പുരസ്കാരങ്ങളും ഓപ്പന്‍ഹൈമറിന്. മികച്ച നടി ഉള്‍പ്പടെ നാല് പുരസ്കാരങ്ങള്‍ നേടി ഫാന്റസി ചിത്രം പുവര്‍ തിങ്സ്

ഹോള്‍ഡോവേഴ്സിലെ പ്രടനത്തിന് ഡിവൈന്‍ ജോയ് സഹനടി.  മികച്ച തിരക്കഥ ഫ്രഞ്ച് ചിത്രം അനാടമി ഓഫ് എ ഫാളിന്റേത്. ബാര്‍ബിയിലൂടെ ഒറിജിന്‍ സോങ്ങിന് 22കാരി ബില്ലി ഐലിഷിനെ തേടി രണ്ടാം ഓസ്കര്‍

ഇന്ത്യയുടെ ടു കില്‍ എ ടൈഗറിെന പിന്തള്ളി 20 ഡെയ്സ് ഇന്‍ മരിയുപോള്‍ മികച്ച ഡോക്യുമെന്ററിയായി. ഇസ്രയേല്‍ – പലസ്തീന്‍ യുദ്ധത്തിനെതിരായ പ്രതിഷേധവും ഓസ്കര്‍ വേദിക്ക് സമീപം കണ്ടു. ആക്ടേഴ്സ് ഫോര്‍ സീസ്ഫയര്‍ ബാഡ്ജ് ധിരച്ചാണ് ചില താരങ്ങളെത്തിയത്. കോസ്റ്റ്യൂം ഡിസൈന്‍ പുരസ്കാരം സമ്മാനിക്കാനെത്തിയ ജോണ്‍ സീനയുടെ കോസ്റ്റ്യൂമും ചര്‍ച്ചയായി.