അവശ്യ സേവനങ്ങൾ ലഭ്യമല്ല; ഉപഭോക്താക്കൾക്ക് ഉപകാരപ്പെടാതെ കെ.സ്മാർട്ട്; പ്രതിഷേധം

ഉപഭോക്താക്കൾക്ക് ഉപകാരപ്പെടാതെ സേവനങ്ങള്‍ വിരൽത്തുമ്പിലെന്നു പറഞ്ഞു സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ കെ.സ്മാര്‍ട്ട് പദ്ധതി. ബിസിനസ് ഫെസിലിറ്റേഷൻ, വസ്തു നികുതി, യൂസർ മാനേജ്മെന്റ്, ബിൽഡിംഗ് പെർമിഷൻ മൊഡ്യൂൾ തുടങ്ങിയവയൊക്കെയായിരുന്നു വാഗ്ദാനമെങ്കിലും, ജനന-മരണ സർട്ടിഫിക്കറ്റിനപ്പുറം മറ്റൊന്നും ലഭ്യമല്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. പദ്ധതി താളം തെറ്റിയതോടെ കെട്ടിട നിർമാണ അനുമതിക്കുൾപ്പെടെ നെട്ടോട്ടത്തിലാണ് ആവശ്യക്കാർ.  

ആദ്യ ഘട്ടത്തിൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ്  കെ-സ്മാർട്ട് വിന്യസിച്ചത്. ഏപ്രിൽ ഒന്നിന് ഗ്രാമപഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കാനുമായിരുന്നു തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും അവ വാഗ്ദാനം ചെയ്യുന്ന സേവനങ്ങളെയും 35 മോഡ്യൂളുകളായി തിരിച്ച് അവയെല്ലാം ഒറ്റ പ്ലാറ്റ്ഫോമിലൂടെ ജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കുകയായിരുന്നു കെ-സ്മാർട്ടിലൂടെ ലക്ഷ്യമിട്ടത്.

വാഗ്ദാനങ്ങള്‍ക്കപ്പുറം ഒന്നും നടക്കാതെവന്നതോടെയാണ് ബില്‍ഡിങ് ഡിസൈനേഴ്സ് അസോസിയേഷനൊപ്പം ഉപഭോക്താക്കളും പ്രതിഷേധത്തിനിറങ്ങിയത്.

K. Smart to no avail