ബജറ്റില്‍ പ്രഖ്യാപിച്ച വിദേശസര്‍വകലാശാലകളില്‍ നിന്ന് സി.പി.എം പിന്നോട്ട്. പൊളിറ്റ് ബ്യൂറോ പരിശോധിച്ച ശേഷം നടപ്പിലാക്കിയാല്‍ മതിയെന്നാണ് തീരുമാനം. സി.പി.ഐയുടെ എതിര്‍പ്പുകൂടി പരിഗണിച്ചാണ് തീരുമാനം. വിദേശ സര്‍വകലാശാലകള്‍ വരുന്നതിന് സി.പി.എം അനുകൂലമല്ലെന്ന് സമ്മതിച്ച എം.വി.ഗോവിന്ദന് എന്നാല്‍ ബജറ്റിലെ നിര്‍ദേശത്തെ പൂര്‍ണമായി ന്യായീകരിക്കുകയാണ് ചെയ്തത്.
ഇടതുമുന്നണിയിലടക്കം വിയോജിപ്പ് കടുത്തതോടെയാണ് വിവാദം അവസാനിപ്പിക്കുന്നതിന് വിദേശസര്‍വകലാശാല പ്രശ്നം പി.ബിയുടെ പരിഗണനയിലേക്ക് വിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷമേ വിഷയം പി.ബി. ചര്ച്ചയ്ക്കെടുക്കുകയുള്ളു. സി.പി.ഐയുടെ വിയോജിപ്പ് കഴിഞ്ഞ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ നേരിട്ട് അറിയിച്ചിരുന്നു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ നടപ്പിലാക്കരുതെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിന്റെ തീരുമാനങ്ങള്‍ അറിയിക്കുന്നതിന് വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ എം.വി.ഗോവിന്ദന് പിന്മാറ്റത്തിന്റെ കൃത്യമായ സൂചന നല്കി.
വിദേശ സര്‍വകലാശാലയ്ക്കെതിരെ പി.ബി വാര്‍ത്താക്കുറിപ്പ് ഇറക്കിയതിന് പിന്നാലെ കേരളത്തിലെ ബജറ്റില്‍ പാര്‍ട്ടി വിയോജിക്കുന്ന നയം ഉള്‍പ്പെട്ടതെങ്ങനെ എന്ന ചോദ്യത്തിന് മുന്നില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി ഉരുണ്ടുകളിച്ചു.
CPM agrees to freeze foreign university announcement in budget