ആശാരിപ്പണി; ഒളിവില്‍ കഴിഞ്ഞത് ഷാജഹാനെന്ന പേരില്‍; കൂടെ ഭാര്യയും കുട്ടികളും

മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി സവാദ് കണ്ണൂരിലെ മട്ടന്നൂരില്‍ എന്‍.ഐ.എയുടെ പിടിയില്‍. 13 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒളിവിലായിരുന്ന പ്രതി പിടിയിലാവുന്നത്. മട്ടന്നൂര്‍ ബേരത്തെ വാടകവീട്ടില്‍ നിന്നാണ് പിടിയിലായത്. സവാദ് ഇവിടെ ആശാരിപ്പണിയെടുത്ത് കഴിയുകയായിരുന്നു. ഷാജഹാന്‍ എന്ന പേരിലായിരുന്നു താമസം. കുടുംബവുമൊത്തായിരുന്നു ജീവിതമെന്നു നാട്ടുകാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഭാര്യയും രണ്ടു കുട്ടികളുമാണു കൂടെയുണ്ടായിരുന്നത്. അയല്‍ക്കാരുമായി ഒരു ബന്ധവുമില്ലായിരുന്നു. കേസിലെ പ്രതിയെന്ന് അറിയില്ലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. പ്രതിയെ ഉച്ചയോടെ കൊച്ചി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും.

2010 ജൂലൈ നാലിനാണ് ടി.െജ.ജോസഫിന്‍റെ കൈ സവാദ് വെട്ടിമാറ്റിയത്. പൗരന്‍ എന്ന നിലയില്‍ നിയമവ്യവസ്ഥയുടെ വിജയമായി കാണുന്നെന്ന് പ്രഫ. ടി.ജെ.ജോസഫ്. ഇരയെന്ന നിലയില്‍ പ്രത്യേകിച്ച് ഒരു ഭാവവുമില്ല. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നിയമത്തിന് മുന്നിലേക്ക് വരുന്നില്ലെന്നും ടി.ജെ.ജോസഫ് മൂവാറ്റുപുഴയില്‍ പറഞ്ഞു. 

പ്രാര്‍ഥന കഴിഞ്ഞ് പള്ളിയില്‍ നിന്ന് മടങ്ങിയ  പ്രഫസര്‍ ടി ജെ ജോസഫിന്റെ  കൈ  2010 ജൂലൈ 4ന് വെട്ടിയശേഷം കടന്നുകളഞ്ഞ സവാദിനെ അന്നുമുതല്‍ ഇന്നുവരെ ആരും കണ്ടില്ല. കൃത്യത്തിനുപയോഗിച്ച മഴുവുമായാണ് അന്ന് സവാദ് രക്ഷപ്പെട്ടത് . ആയുധവും അന്വേഷണസംഘത്തിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കൃത്യത്തിനുശേഷം സവാദ് ബാംഗ്ലൂര്‍ക്ക് കടന്നെന്നായിരുന്നു അന്വേഷണം തുടങ്ങിയ ഘട്ടത്തില്‍ ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കിയത് . എന്‍ഐഎ അന്വേഷണം ഏറ്റെടുത്തശേഷവും സവാദിനായി രാജ്യത്ത് പലയിടത്തും വലവിരിച്ചിട്ടും പിടികൂടാനായില്ല. 

ഇതിനിടെ വിദേശത്തേക്ക് കടന്നെന്നും അഭ്യൂഹമുണ്ടായിരുന്നു . ആദ്യഘട്ടത്തില്‍ പിടിയിലായ 31 പേരെ ചേര്‍ത്താണ് ആദ്യകുറ്റപത്രം സമര്‍പ്പിച്ചത് ഇതില്‍ 13 പേരെ ശിക്ഷിച്ചു . തുടര്‍ന്ന് പിടിയിലായ 11പേരെ ഉള്‍പ്പെടുത്തി രണ്ടാം കുറ്റപത്രവും സമര്‍പ്പിച്ചു. ഇതില്‍ ആറുപേരെയാണ് ശിക്ഷിച്ചത് .നിരന്തര നിരീക്ഷണത്തിനൊടുവിലാണ് എന്‍ഐഎ സംഘം സവാദിനെ വലയിലാക്കിയത് . കൃത്യസമയത്തുണ്ടായിരുന്നവരെല്ലാം പിടിയിലായങ്കിലും ആസൂത്രകരിലേക്കെത്താതിന്റെ ആശങ്ക പ്രഫസര്‍  ടി ജെ ജോസഫ് മറച്ചുവച്ചില്ല

13 വര്‍ഷത്തെ ഒളിവു ജീവിതത്തിനൊടുവില്‍ സവാദ് പിടിയിലാകുമ്പോള്‍ കേസിന്റെ ആസൂത്രകരിലേക്ക് വഴിതുറക്കുമെന്നൊരു പ്രതീക്ഷ എന്‍ഐഎ സംഘത്തിനുമുണ്ട് .അതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം 

First accused in Thodupuzha hand-chopping case Savad nabbed by NIA from Kannur after 13 years