പ്രിയതാരത്തിനു കണ്ണീരോടെ അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്

മലയാളിയുടെ ഇഷ്ട നടനും മുന്‍ എംപിയുമായ ഇന്നസെന്റിന് അന്ത്യാഞ്ജലി. മൃതദേഹം ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരിങ്ങാലക്കുടയിലെത്തി ആദരാഞ്ജലി അര്‍പിച്ചു. കലാ, സാംസ്കാരിക, സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം നൂറുകണിക്കിന് ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്. സംസ്കാരം നാളെ രാവിലെ 10ന് നടക്കും.തങ്ങളുടെ സ്വന്തം ഇന്നച്ചന് കണ്ണീരോടെയാണ് കൊച്ചിയിലെ സിനിമലോകം വിട നൽകിയത്. സംവിധായകൻ ജോഷി, നടൻ മമ്മൂട്ടി എന്നിവരടക്കമുള്ള സിനിമ ലോകത്തെ പ്രമുഖർ കൊച്ചിയിൽ ഇന്നസന്റിന് അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.

രാവിലെ എട്ടുമണിയോടെ ഇന്നസെന്റിന്റെ ഭൗതികശരീരം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മലയാള സിനിമ രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു. ജേഷ്ഠ സഹോദരനെ നഷ്ടപ്പെട്ടു എന്നായിരുന്നു മിക്കവരുടെയും പ്രതികരണം. ഏറെനാൾ മാർഗദർശിയായിരുന്നയാളുടെ വിയോഗം മാറാത്ത വിടവായി അവശേഷിക്കുമെന്ന സങ്കടത്തോടെയാണ് സിനിമാ ലോകം അവസാനമായി തങ്ങളുടെ ഇന്നച്ചനെ കൊച്ചിയിൽ നിന്നും യാത്രയാക്കിയത്

ഇന്നസെന്‍റിന്‍റെ വിയോഗം വേദനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. മലയാളികളുടെ ആകെ നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അനുശോചനം. രാഷ്ട്രീയ ജീവിതത്തില്‍ ഇടതുപക്ഷചേരിയോടൊപ്പമായിരുന്നുവെങ്കിലും ഇന്നസന്‍റിന്‍റെ സൗഹൃദവലയത്തിന് അതിരുകളുണ്ടായിരുന്നില്ല. ആ നര്‍മവും സൗഹൃദവും ആസ്വദിച്ചവരത്രയും വേര്‍പാടിന്‍റെ വേദന പങ്കുവെച്ചു. ആസ്വാദകരെ സ്വാധീനിക്കുകയും ജനജീവിതം നര്‍മം കൊണ്ട് നിറയ്ക്കുകയും ചെയ്തതിന് അദ്ദേഹം എക്കാലവും ഒാര്‍മിക്കപ്പെടുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. 

സമൂഹത്തെയും ജനജീവിതത്തെയും സ്പർശിച്ച നിലപാടുകള്‍ക്ക് ഉടമയാണ് ഇന്നസെന്റെന്നു മുഖ്യമന്ത്രിയും കുറിച്ചു. പി.രാജീവ്, കെ. രാജന്‍, പി. പ്രസാദ്, ആര്‍.ബിന്ദു, വീണ ജോര്‍ജ് അടക്കമുള്ള മന്ത്രിസഭയിലെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവരും കടവന്ത്രയിലെത്തി.  ‌