അനിലിന്റെ നിലപാട് അപക്വമെന്ന് തരൂര്‍; രാജി അനിവാര്യമായിരുന്നുവെന്ന് ഷാഫി

പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ അനില്‍ ആന്റണിയെ തള്ളി ശശി തരൂരും രംഗത്തെത്തി. പരമാധികാരത്തെ ബാധിക്കുന്നതെന്ന നിലപാട് അപക്വമെന്ന് ശശി തരൂര്‍ പറഞ്ഞു. ഡോക്യുമെന്‍ററി രാജ്യസുരക്ഷയെ ബാധിക്കില്ല, അത്ര ദുര്‍ബലമല്ല രാജ്യസുരക്ഷ. വിവാദമായില്ലെങ്കില്‍ ഡോക്യുമെന്‍ററി ഇത്രയുംപേര്‍ കാണില്ലായിരുന്നു. വിലക്കുവന്നതിനാലാണ് കോണ്‍ഗ്രസ് അടക്കം ഇത് പ്രദര്‍ശിപ്പിക്കുന്നത്. സുപ്രീംകോടതി തീരുമാനം പ്രഖ്യാപിച്ചതിനെ കൂടുതല്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നും തരൂര്‍ പ്രതികരിച്ചു.  

അനിൽ ആന്റണിയുടെ രാജി അനിവാര്യമായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. ഒരു വ്യക്തിയുടെ അഭിപ്രായം കോൺഗ്രസ് പ്രസ്ഥാനത്തിന്റെ മുഴുവൻ നിലപാടായി കാണേണ്ടതില്ല. പാർട്ടി നേതൃത്വം ഏൽപ്പിച്ചിരുന്ന ചുമതലയിൽ അനിൽ ആന്റണി ആത്മാർഥമായി പ്രവർത്തിച്ചിരുന്നോ എന്നത് പരിശോധിക്കേണ്ടതാണെന്നും ഷാഫി പറമ്പിൽ പാലക്കാട് പറഞ്ഞു. 

അനില്‍ പദവികള്‍ ഒഴിയുന്നതിനെ സ്വാഗതം ചെയ്ത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. അനില്‍ ആന്‍റണി കുറച്ചുകാലമായി ഉത്തരവാദിത്തങ്ങളില്‍ ഇരിക്കുന്നുണ്ടായിരുന്നില്ലെന്നും ബദല്‍ സംവിധാനം ഏര്‍പ്പെടുത്താത്തതിനാല്‍ സാങ്കേതികമായി മാത്രം തുടരുകയായിരുന്നെന്നും വി.ടി.ബല്‍റാം പ്രതികരിച്ചു. തെറ്റായ നിലപാട് തിരുത്തുകയായിരുന്നു അനില്‍ ചെയ്യേണ്ടിയിരുന്നതെന്ന് കെ.എസ്.ശബരീനാഥനും ടി.സിദ്ദിഖും പറഞ്ഞു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതിന് അനില്‍ ആന്റണിക്കെതിരെ പാര്‍ട്ടിതല നടപടി വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി ആവശ്യപ്പെട്ടു.

Shashi Tharoor reaction on Anil Antony