ഇന്ത്യയ്ക്ക് വമ്പന്‍ ജയം; പരമ്പര തൂത്തുവാരി; ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്

ന്യൂസീലന്‍ഡിനെതിരായ പരമ്പര തൂത്തുവാരി ടീം ഇന്ത്യ ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്. മൂന്നാം മല്‍സരത്തില്‍ 90 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സെടുത്തു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും സെഞ്ചറി നേടി. 101 റണ്‍സെടുത്ത് രോഹിത്തും 112 റണ്‍സെടുത്ത് ഗില്ലും പുറത്തായി. നാലുമല്‍സരങ്ങളില്‍ ഗില്ലിന്റെ മൂന്നാം സെഞ്ചറിയാണ്. ഓപ്പണിങ്ങ് വിക്കറ്റില്‍  212 റണ്‍സാണ് ഇന്ത്യ ചേര്‍ത്തത്. ഹര്‍ദിക് പാണ്ഡ്യ 54 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങില്‍ കിവീസ് 295ന് എല്ലാവരും പുറത്തായി. സെഞ്ചറി നേടിയ ഓപ്പണർ ഡെവോൺ കോൺവെ (100 പന്തിൽ 138), ഹെൻറി നിക്കോള്‍സ് (40 പന്തിൽ 42), മിച്ചൽ സാന്റ്നർ (29 പന്തിൽ 34) എന്നിവർ പൊരുതിയെങ്കിലും എത്തിപ്പിടിക്കാവുന്നതിലും മുകളിലായിരുന്നു സ്കോർ. രണ്ടാം വിക്കറ്റിൽ കോൺവെയും നിക്കോളസും ചേർന്നു സെഞ്ചറി കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യ ജയം പിടിച്ചുവാങ്ങുകയായിരുന്നു. ഇന്ത്യയ്ക്കായി കുൽദീപ് യാദവ്, ഷാർദൂൽ ഠാക്കൂർ എന്നിവർ മൂന്നു വിക്കറ്റ് വീതവും യുസ്‌വേന്ദ്ര ചെഹൽ രണ്ടും ഹാർദിക് പാണ്ഡ്യ, ഉമ്രാൻ മാലിക് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴത്തി.

Indore ODI India Beat New Zealand