അമ്മത്തൊട്ടിലില്‍ ജൂലൈ 17ന് കുഞ്ഞിനെ ലഭിച്ചിരുന്നു; ഡിഎന്‍എ പരിശോധന നടത്തും: സിഡബ്ല്യുസി

അമ്മത്തൊട്ടിലില്‍ ജൂലൈ 17ന് കുഞ്ഞിനെ ലഭിച്ചിരുന്നുവെന്നു സിഡബ്ല്യുസി അധ്യക്ഷ ഷാനിബ ബീഗം മനോരമ ന്യൂസിനോട് പ്രതികരിച്ചു. ആരുടെ കുഞ്ഞെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. കുട്ടിയുടെ ഭാവി സുരക്ഷിതമോ എന്നതും ചട്ടപ്രകാരം അന്വേഷിക്കും . പരിശോധനകള്‍ തൃപ്തികരമെങ്കില്‍ മൂന്നാഴ്ചയ്ക്കകം കുട്ടിയെ കൈമാറും. മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു സിഡബ്ല്യുസിയുടെ ഇടപെടൽ. 

ഇടറിയ താരാട്ടിന്റെ നോവു പേറി..

ചിലപ്പോഴൊക്കെ സിനിമാകഥയെക്കാള്‍ അവിശ്വസനീയമാണ് ജീവിതം. ആലിയ എന്ന പിഞ്ചുകുഞ്ഞിന്‍റെയും അവളുടെ മാതാപിതാക്കളുടെയും ജീവിതം അങ്ങനെയാണ്. മൂന്നുമാസം മുമ്പ് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച ആലിയയെ വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ് അവളുടെ മാതാപിതാക്കള്‍. പ്രണയകാലത്തെ ഗര്‍ഭം ഒളിപ്പിച്ച് വച്ച് വിവാഹിതരായ യുവാവും യുവതിയും മാനഹാനി ഭയന്നാണ് ഒന്നര മാസം വളര്‍ത്തിയശേഷം കുഞ്ഞ് ആലിയയെ ഉപേക്ഷിച്ചത്. വിവാഹപൂര്‍വ ഗര്‍ഭത്തെ വീട്ടുകാരും നാട്ടുകാരും എങ്ങനെ കാണുമെന്ന പേടിയിലായിരുന്നു ഇവര്‍ ദുരന്തപൂര്‍ണമായ ആ തീരുമാനമെടുത്തത്.

ആലിയ. ഉപേക്ഷിക്കുന്ന ദിവസം രാത്രിയില്‍ കണ്ണെഴുതി പൊട്ടുതൊടീച്ച് പുത്തനുടുപ്പിട്ട് ഒരുക്കിയശേഷം അവളുടെ മാതാപിതാക്കള്‍ എടുത്ത ചിത്രം. ഇന്ന് കുറ്റബോധത്തിന്‍റെ തീയില്‍ നീറുകയാണ് ആലിയയുടെ വളരെ ചെറുപ്പമായ മാതാപിതാക്കള്‍. ഏറെക്കാലത്തെ പ്രണയത്തിനു ശേഷം വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു ആലിയയുടെ അച്ഛനും അമ്മയും വിവാഹിതരായത്. പക്ഷേ വിവാഹത്തിനു മുമ്പുതന്നെ അമ്മ ഒരു പുതുജീവന്‍റെ തുടിപ്പറിഞ്ഞിരുന്നു. വിവാഹം വേഗത്തിലാക്കാന്‍ ഇരുവരും ശ്രമിച്ചു. നാളിലും പക്കത്തിലും മുഹൂര്‍ത്തത്തിലുമൊക്കെ തട്ടി അത് നീണ്ടുപോയി. ഗര്‍ഭഛിദ്രത്തിനു സമീപിച്ചപ്പോള്‍ ഡോക്ടര്‍ വിസമ്മതിച്ചു.

ഭ്ര്യൂണഹത്യ പാപമാണെന്ന ഡോക്ടറുടെ ഉപദേശവും ഉള്ളില്‍ പേറി അവര്‍ മടങ്ങി. ഇതിനിടെ അവര്‍ വിവാഹിതരായി. എട്ടു മാസം ഗര്‍ഭിണിയായിരുന്നു അവളപ്പോള്‍. വിവാഹശേഷം ഇരുവരും തിരുവനന്തപുരത്ത് വാടകവീടെടുത്തു. കഴിഞ്ഞ മേയ് മാസം ആലിയ പിറന്നു. അപ്പോഴും ഇരുവരും വീട്ടുകാരില്‍ നിന്ന് എല്ലാം മറച്ചു.നവദമ്പതികളെ കാണാതെ വീട്ടുകാര്‍ അക്ഷമരായി. ഇരുവരും കടുത്ത മാനസിക സംഘര്‍ഷത്തിലും. 

ഒന്നര മാസത്തിനുശേഷം ജൂലൈ 17ന് അവര്‍ ആലിയയെ ഉപേക്ഷിക്കാന്‍ ഉറപ്പിച്ചു. പുലര്‍ച്ചെ രണ്ടുമണിയോടെ ശിശുഭവനിലെ അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു. എന്നാല്‍ അതോടെ ഇരുവര്‍ക്കും ജീവിതവും സമാധാനവും കൈവിട്ടുപോകുകയായിരുന്നു.ഇന്ന് മനോരമ ന്യൂസിന് മുന്നില്‍ ഇക്കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ അവര്‍ തീരുമാനിച്ചു കഴിഞ്ഞു. എല്ലാം വീട്ടുകാരോട് പറയും, കുഞ്ഞിനെ തിരികെ എടുക്കണം. കടമ്പകള്‍ ഏറെയുണ്ട് ഇവര്‍ക്ക് മുന്നില്‍– നിയമപരമായും സാമ്പത്തികമായും. ശിശുക്ഷേമസമിതി ഇവരെ സഹായിക്കണം. പൊതുസമൂഹം എന്തുപറയും എന്ന ആ ഭയം കാരണമാണ് സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞിനെ ഇവര്‍ ഉപേക്ഷിച്ചത്. ഇവര്‍ക്ക് കുഞ്ഞിനെ തിരികെ കിട്ടട്ടെ. ഇവരുടെ വികാരം സമൂഹവും ഉള്‍ക്കൊള്ളണം.

The baby was received in the mother's cradle on July 17; DNA test will be conducted by: CWC