കബളിപ്പിച്ച് അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ചു; കേസെടുത്ത് പൊലീസ്

യുവാവിനെ കബളിപ്പിച്ച് അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ചതില്‍ പൊലീസ് കേസെടുത്തു. ഒറ്റിറ്റി പ്ളാറ്റ്ഫോം  ഉടമകളെയും സംവിധായികയെയും പ്രതികളാക്കി തിരുവനന്തപുരം വിഴിഞ്ഞം പൊലീസാണ് കേസെടുത്തുത്തത്. വഞ്ചനാ കുറ്റവും ചുമത്തി.  യുവാവിന്റെ വിശദമൊഴിയെടുത്ത ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്ന് പൊലീസ്. യുവാവിന്റെ ദുരവസ്ഥ പുറത്തുവിട്ടത് മനോരമ ന്യൂസാണ്.

സിനിമയില്‍ നായകനാക്കാമെന്ന വാഗ്ദാനം നല്‍കി വഞ്ചിച്ച്, ഭീഷണിപ്പെടുത്തി അശ്ളീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്നും ആത്മഹത്യയുടെ വക്കിലെന്നും യുവാവ്. അഡ‍ല്‍ട് ഒ.ടി.ടി പ്ളാറ്റ് ഫോമിനും വനിതാസംവിധായികയ്ക്കുമെതിരെയാണ് വെങ്ങാനൂര്‍ സ്വദേശിയായ ഇരുപത്തിയാറുകാരന്‍ മുഖ്യമന്ത്രിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയത്. ദീപാവലി ദിവസം ഒടിടിയില്‍ റിലീസ് ചെയ്യുന്ന ചിത്രം തടഞ്ഞില്ലെങ്കില്‍ ആത്മഹത്യയല്ലാെത പോംവഴിയില്ലെന്നും തന്നെ രക്ഷിക്കണമെന്നും യുവാവ് അഭ്യര്‍ഥിക്കുന്നു.

സിനിമയില്‍ ഹീറോയാകാനായിരുന്നു മോഹം. അങ്ങനെയാണ് ഒ.ടി.ടി വെബ്സീരീസിന് നായകനെ തേടുന്നതറിഞ്ഞ് അപേക്ഷ അയച്ചത്. പക്ഷെ ആ മോഹം ചിലര്‍ ചൂഷണം ചെയ്തപ്പോള്‍ ഈ ചെറുപ്പക്കാരന്റെ ജീവിതം ഒറ്റ നിമിഷം കൊണ്ട് ഇരുട്ടിലേക്കെത്തി. അശ്ളീല ചിത്രത്തിനായുള്ള കെണിയില്‍ അങ്ങനെ പെട്ടു. അഡള്‍ട്ട് ഒണ്‍ലി ഒ.ടി.ടിയെന്നും അശ്ളീല ചിത്രവും എന്നൊക്കെ അറിഞ്ഞപ്പോഴേക്കും വൈകി. 

ഇതിനകം നിരവധി പേരുകളില്‍ അഡള്‍ട്സ് ഒണ്‍ലി ചിത്രങ്ങള്‍ ഇതേ ഒ.ടി.ടി പ്ളാറ്റ്ഫോമിലൂടെ പുറത്തെത്തിയിട്ടുണ്ട്. ഈ മാസമാദ്യം ആയിരുന്നു പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് . വനിത സംവിധായിക മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ഒരുക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ ദീപാവലി റിലീസ് പ്രഖ്യാപിച്ച് ടെലഗ്രാമില്‍ അടക്കം എത്തിയതോടെ യുവാവിനെ വീട്ടുകാരും കയ്യൊഴിഞ്ഞു. കൊച്ചിയിലെ സുഹൃത്തിന്റെ ഒറ്റമുറി ഫ്ളാറ്റില്‍നിന്ന് ഞങ്ങളിലേക്കുള്ള ഈ ചെറുപ്പക്കാരന്റെ ഫോണ്‍കോളിന് ഒരു ആത്മഹത്യാനിമിഷത്തെ ദൂരമേയുണ്ടായിരുന്നുവെന്ന് തിരിച്ചറിവിലാണ് ഈ വാര്‍ത്ത അധികൃതര്‍ക്ക് മുന്നിെലത്തിക്കുന്നതും.

A case has been registered by the police for tricking the young man into acting in an adult movie