വിഴിഞ്ഞത്ത് പരിസ്ഥിതി ആഘാതപഠനം നടത്താന്‍ ലത്തീന്‍ അതിരൂപത

വിഴിഞ്ഞത്ത് പരിസ്ഥിതി ആഘാതപഠനം സ്വയം നടത്താന്‍ ലത്തീന്‍ അതിരൂപത തീരുമാനിച്ചു. ഇതിനായി ഏഴുപേരടങ്ങുന്ന ഒരു സമിതിയെ നിയോഗിച്ചു. മൂന്ന് മാസം കൊണ്ട് പഠനം പൂർത്തിയാക്കും. റിപ്പോര്‍ട്ട് പൊതുസമൂഹത്തിന് മുന്നിൽ വയ്ക്കുമെന്ന് അതിരൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ഫാ.യൂജിന്‍ പെരേര പറഞ്ഞു. വിഴിഞ്ഞംസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 

അതേസമയം, വിഴിഞ്ഞം തുറമുഖ നിർമാണത്തിനുള്ള തടസങ്ങൾ നീക്കണമെന്ന  ഇടക്കാല ഉത്തരവ് എന്ത് സാഹചര്യമാണെങ്കിലും നടപ്പാക്കിയേ പറ്റൂവെന്ന് ഹൈക്കോടതി. റോഡുകളിലെ  തടസങ്ങളടക്കം മാറ്റാനുള്ള നടപടികൾ  സർക്കാർ സ്വീകരിക്കണം. ഉത്തരവ് നടപ്പിലാക്കിയതിന്റെ വിശദാംശങ്ങൾ അടുത്ത ചൊവ്വാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്നും കോടതി കർശന നിർദേശം നൽകി. റോഡ് ഉപരോധത്തിന്റെ കാര്യത്തിൽ കോടതിയെ പഴിചാരാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ജസ്റ്റിസ് അനു ശിവരാമൻ പറഞ്ഞു.