ലൈംഗിക പീഡന പരാതി: എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ കേസെടുത്തു

ആലുവ സ്വദേശിനിയായ അധ്യാപികയുടെ പീഡനപരാതിയില്‍ പെരുമ്പാവൂർ എം. എൽ.എ എല്‍ദോസ് കുന്നപ്പിള്ളിയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുചുമത്തി കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, അതിക്രമിച്ചു കടക്കല്‍, മര്‍ദിക്കല്‍ തുടങ്ങിയതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എം.എൽ.എക്കെതിരെ മൊഴി നൽകുന്നതിനിടെ പരാതിക്കാരി കോവളം പൊലീസ് സ്‌റ്റേഷനിൽ കുഴഞ്ഞ് വീണു. കുന്നപ്പിള്ളിയ്ക്കെതിരെയുള്ള പരാതി അന്വേഷിക്കാന്‍ രണ്ടംഗസമിതിയെ കെ.പി.സി.സി നിയോഗിച്ചു

ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്ത കോവളം പൊലീസ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി.  തുടര്‍നടപടികള്‍ പുതിയ അന്വേഷണസംഘമാകും തീരുമാനിക്കുക.  ആലുവ സ്വദേശിയും തിരുവനന്തപുരത്ത് അധ്യാപികയുമായ യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ എം. എൽ. എക്കെതിരെ ഗുരുതര ആരോപണങ്ങമാണ് ഉന്നയിച്ചിട്ടുള്ളത്.  പല തവണ പല സ്ഥലത്ത് വച്ച് പീഡിപ്പിച്ചു. ഇതിനേക്കുറിച്ച് സംസാരിച്ചപ്പോൾ കഴിഞ്ഞ 14 ന് കോവളത്ത് വച്ച് മുഖത്തടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. പിന്നീട്  കാറിൽ നിന്ന് ഇറക്കി വിട്ടു. ഉപദ്രവത്തേക്കുറിച്ച് പൊലീസിൽ പരാതി നൽകിയതോടെ പിൻവലിപ്പിക്കാനായി ഭീഷണിപ്പെടുത്തി. കേസ് ഒത്തു തീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്തു. ഭീഷണിയും സമ്മർറവും വർധിച്ചതോടെ തനിക്ക് നാട് വിടേണ്ടി വന്നെന്നും മൊഴിയിലുണ്ട്. 

സെപ്തംബർ 14 ന്നാണ് യുവതി ആദ്യം പരാതി നൽകിയത്. എന്നാൽ വിശദമായ മൊഴി നൽകാത്തതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല. ഇതിനിടെ യുവതിയെ കാണാനില്ലന്ന പരാതി വഞ്ചിയൂർ പൊലീസിൽ ലഭിച്ചു. ഇതിനൊടുവിലാണ് ഇന്നലെ വൈകിട്ട് യുവതി സ്റ്റെഷനിൽ നേരിട്ട് ഹാജരായത്. പിന്നീട് മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയപ്പോഴാണ് ഗുരുതര ആരോപണങ്ങളുള്ള മൊഴി നൽകിയത്. ഇന്നു മൊഴി നല്‍കാനെത്തവേ കുഴഞ്ഞുവീണ പരാതിക്കാരിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ കേസെടുക്കാതെ കോവളം എസ്. എച്ച്. ഒ ഒ ഒത്തു തീർപിന് ശ്രമിച്ചെന്ന ആരോപണവും മൊഴിയിലുണ്ട്. തെളിവ് പരിശോധിച്ച ശേഷം അറസ്റ്റിലേക്കും നീങ്ങിയേക്കുമെന്നാണ് സൂചന. കുന്നപള്ളിയ്ക്കെതിരെയുള്ള പരാതിയില്‍ അന്വേഷണത്തിനായി രണ്ടംഗ സമിതിയെ ഏര്‍പ്പെടുത്തിയ കെപിസിസി രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്.  

Police register case against MLA Eldhose Kunnappilly