രാജമലയില്‍ കെണിയിൽ കുടുങ്ങിയ കടുവയ്ക്കു തിമിരം; കാട്ടിലേക്ക് തുറന്നുവിടില്ല

മൂന്നാറിൽ പിടിയിലായ കടുവ കാട്ടിലേക്ക് തുറന്നു വിടാവുന്ന ആരോഗ്യസ്ഥിതിയിലല്ലെന്ന് വനംവകുപ്പ്. ഇടതു കണ്ണിന് തിമിരം ബാധിച്ച കടുവയെ സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി ചികിൽസ നൽകണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാർശ. ഇര ലഭ്യതയുള്ള ഉൾവനത്തിൽ വിടുന്നതും പരിഗണിക്കുന്നുണ്ട്.

മൂന്നാർ നയ്മക്കാട് എസ്റ്റേറ്റിൽ നിന്ന് ഇന്നലെ പിടിയിലായ കടുവയെ വനം വകുപ്പിന്റെ ദേവികുളം സെൻട്രൽ നഴ്സറി കോംപൗണ്ടിൽ എത്തിച്ചാണ് വൈദ്യ പരിശോധന നടത്തിയത്. ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം വിശദമായി പരിശോധന നടത്തി. ഒൻപതു വയസുള്ള പെൺ കടുവയാണ്. കടുവയുടെ ഇടതു കണ്ണ് തിമിര ബാധിതമാണ്. കാഴ്ച പരിമിധി ഉണ്ടായതാകാം വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ കാരണമെന്നാണ് നിഗമനം. കടുവയെ ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റുന്നതിനാണ് പ്രഥമ പരിഗണന നൽകിയതെന്ന് മൂന്നാർ ഡി.എഫ്.ഒ. പറഞ്ഞു.

പി സി സി എഫ് ഡി ജയപ്രസാദ് അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നതിനാണ് പ്രഥമ പരിഗണന. കടുവകളുടെ എണ്ണം കുറവുള്ള , ഇര  ലഭ്യതയുള്ള ഉൾവനത്തിൽ വിടുന്നതും പരിഗണിക്കുന്നുണ്ട്.

Tiger trapped in cage