'സ്ഥലംമാറ്റത്തിൽ അനുമതിതേടണം'; ജഡ്ജി കൃഷ്ണകുമാറിന്റെ വാദം അംഗീകരിച്ചില്ല: ഹർജി തള്ളി

സ്ഥലംമാറ്റ ഉത്തരവ് ചോദ്യം ചെയ്ത് കോഴിക്കോട് മുൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്.കൃഷ്ണകുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സ്ഥലം മാറ്റത്തിൽ നിയമപരമായ അവകാശങ്ങൾ ഹനിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി കോടതി തള്ളിയത്. ജുഡീഷ്യൽ സർവീസിൽ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിയെന്ന നിലയിൽ ഏത് സ്ഥലത്തും ജോലി ചെയ്യാൻ തയ്യാറാകണം. വിഷയത്തിൽ മുൻവിധികളുടെ ആവശ്യമില്ല. ജില്ലാ കോടതി ജഡ്ജിക്ക് തത്തുല്യമായ തസ്തികയാണ് ലേബർ കോടതി ജഡ്ജിയുടേതും. അതുകൊണ്ട് തന്നെ ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലെന്നും ജസ്റ്റിസ് അനു ശിവരാമൻ വ്യക്തമാക്കി. ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിൽ വിവാദ പരാമർശം നടത്തിയതിനു പിന്നാലെയായിരുന്നു കൊല്ലം ലേബർ കോടതി ജഡ്ജിയായി കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയത്.