റൂഷ്ദിയുടെ നില അതീവഗുരുതരം: ആക്രമിയെ വാഴ്ത്തി ഇറാന്‍ മാധ്യമങ്ങള്‍

ന്യൂയോര്‍ക്കിലെ പൊതുചടങ്ങിനിടെ ആക്രമണത്തിന് ഇരയായ സാഹിത്യകാരന്‍ സല്‍മാന്‍ റൂഷ്ദിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. അതേസമയം അക്രമി ഹാദി മെതറിനെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതിയെ ജാമ്യമില്ലാത്ത കസ്റ്റഡിയിൽ എടുത്തതായി ന്യൂയോർക്ക് സ്റ്റേറ്റിലെ ചൗതൗക്വ കൗണ്ടി പ്രോസിക്യൂട്ടർ പറഞ്ഞു. വളരെ നീണ്ടുനിൽക്കുന്ന നിയമനടപടിയുടെ ആദ്യ ഘട്ടം  മാത്രമാണിതെന്ന് ഡിസ്ട്രിക്റ്റ് അറ്റോർണി ജേസൺ ഷ്മിത്ത് ഒരു പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ ഇറാൻ റെവല്യൂഷണറി ഗാർഡിനുള്ള പങ്കിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇറാന്റെ റെവല്യൂഷണറി ഗാർഡിനെ തീവ്രവാദ സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രി സ്ഥാനാർത്ഥി ഋഷി സുനാക്ക് ആവശ്യപ്പെട്ടു. കുത്തേറ്റ സംഭവം പാശ്ചാത്യര്‍ക്ക് ഉണരാനുള്ള വിളി ആയിരിക്കണമെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞു. അതേ സമയം അക്രമിയെ ഇറാൻ മാധ്യമങ്ങൾ പ്രശംസിച്ചു. ധീരനും കർത്തവ്യബോധമുള്ള മനുഷ്യനുമെന്ന് തീവ്ര യാഥാസ്ഥിതിക ഇറാനിയൻ പത്രമായ കെയ്‌ഹാൻ വാഴ്ത്തി. പരിഷ്കരണവാദ ജേര്‍ണലായ എറ്റെമാഡ് ഒഴികെ മറ്റ് ഇറാനിയൻ മാധ്യമങ്ങളും സമാനമായ നിലപാടാണ് സ്വീകരിച്ചത്.