എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച റോഡിനെതിരെ സിപിഐ: കരാർ ലംഘനമെന്ന് പരാതി

സി. കെ ആശയുടെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച റോഡിനെതിരെ  പരാതിയുമായി സി.പി.ഐ ടിവിപുരം നോർത്ത് ലോക്കൽ കമ്മിറ്റി. ആധുനികനിലവാരത്തിൽ അഞ്ച് കോടി മുടക്കിയ റോഡ് പണിയിൽ കരാർ ലംഘനംനടത്തിയെന്നാണ് ആക്ഷേപം. സമയോചിതമായി നടപടി എടുത്തില്ലെങ്കിൽ പ്രതിഷേധ സമരത്തിലേക്ക് നീങ്ങാനാണ് സി പി ഐ പ്രവർത്തകരുടെ തീരുമാനം.

അഞ്ച് കിലോമീറ്റർ വരുന്ന മൂത്തേടത്ത് കാവ് റോഡ് ആധുനിക നിലവാരത്തിൽ പണിതത് ഒരു മാസം മുമ്പ് മാത്രമാണ്. സിപിഐ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് നിർമിച്ച റോഡ് വെള്ളക്കെട്ട് ഒഴിവാക്കാതെയും കലുങ്കിന്റെ വീതി കൂട്ടാതെയും കരാർ ലംഘനം നടത്തി നിർമ്മാണം നടത്തിയെന്നാണ് പരാതി. റോഡരികിൽ നീരൊഴുക്ക് സാധ്യമാക്കാനും മണ്ണിട്ട് നിറക്കാനും കരാറുകാരൻ തയ്യാറായിട്ടെല്ലെന്നും സിപിഐ പ്രവർത്തകർ പരാതിപ്പെടുന്നു. കോടികൾ മുടക്കിയ റോഡ് നിർമ്മാണം പ്രദേശവാസികളുടെ ദുരിതത്തിന് കാരണമാവുന്നതിനെപ്പറ്റി അന്വേഷണം വേണമെന്നാണ് ആവശ്യം. 

റോഡിനു കുറുകെ ഉള്ള കാന പണിയാതെ കരാറുകാരൻ ടാറിംഗ് നടത്തി.ഇതോടെ വ്യാപാര സ്ഥാപനങ്ങളും അമ്പതോളം വീടുകളും വെള്ളക്കെട്ടിലാവുന്ന സ്ഥിതിയും. തോട്ടിൽ ബണ്ട് കെട്ടിയാണ് കലുങ്കിന് വീതികൂട്ടാൻ തുടങ്ങിയത്. എന്നാൽ ഇത് നടന്നില്ലെന്ന് മാത്രമല്ല,തോട്ടിലിട്ട ബണ്ട് പോലും നീക്കാൻ തയ്യാറാകാതെ കരാറുകാരൻ ടാറിംഗും പൂർത്തിയാക്കി പ്രദേശവാസികൾ പ്രതിഷേധവുമായെത്തിയതോടെയാണ് സിപിഐ ടി വി പുരം നോർത്ത് ലോക്കൽ കമ്മിറ്റി നിർമ്മാണത്തിനെതിരെ പരാതിയുമായെത്തിയത്. കൃത്യമായി അന്വേഷണം നടത്തി നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരവുമായി രംഗത്ത് എത്താനാണ് സിപിഐ പ്രവർത്തകരുടെ തീരുമാനം.