അപര്‍ണ ബാലമുരളി മികച്ച നടി; ബിജു സഹനടന്‍; മലയാളത്തിന് കൈനിറയെ

അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ സച്ചിക്ക് ദേശീയ ചലച്ചിത്ര പുരസ്ക്കാരം. അപര്‍ണ ബാലമുരളി മികച്ച നടിയായും ബിജു മേനോന്‍ സഹനടനായും തിരഞ്ഞെടുക്കപ്പെട്ടു. മലയാള സിനിമയ്ക്ക് 7 ഏഴു പുരസ്ക്കാരങ്ങള്‍ ലഭിച്ചു. ഇതര ഭാഷ സിനിമകളിലൂടെ 4 മലയാളികളും നേട്ടത്തിന് അര്‍ഹരായി. സൂര്യയും അജയ് ദേവ്ഗണും മികച്ച നടനുള്ള രജതകമലം പങ്കിട്ടു. 68മത് ദേശീയ ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനത്തില്‍ അയ്യപ്പനും കോശിയും മലയാള സിനിമയുടെ തിടമ്പേറ്റി. സച്ചിക്ക് മരണാനന്തര പുരസ്ക്കാരം. സഹനടന്‍ – ബിജു മേനോന്‍, ഗായിക– നഞ്ചമ്മ, സംഘട്ടനം– മാഫിയ ശശി, രാജശേഖര്‍, സുപ്രീം സുന്ദര്‍. നാല് പുരസ്ക്കാരങ്ങളാണ് അയ്യപ്പനും കോശിയും നേടിയത്. മാലിക്കിലെ ശബ്ദലേഖനത്തിന് വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കപ്പേളയു‌ടെ പ്രൊഡക്ഷന്‍ ഡിസൈനിന് അനീസ് നാടോടി എന്നിവരും പുരസ്ക്കാരം നേടി.

കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്കിന് പ്രത്യേക പരാമര്‍ശം. തിങ്കളാഴ്ച്ച നിശ്ചയമാണ് മികച്ച മലയാള ചിത്രം. സൂററൈ പൊട്രിലെ അഭിനയത്തിന് അപര്‍ണ ബാലമുരളി മികച്ച നടിയും സൂര്യ മികച്ച നടനുമായി. താനാജിയാണ് അജയ് ദേവ്ഗനെ രജതകമല നേട്ടത്തിന് അര്‍ഹനാക്കിയത്. സൂററൈ പൊട്രിന്‍റെ തിരക്കഥാകൃത്ത് ശാലിനി ഉഷ നായര്‍, കന്നഡ ചിത്രമായ ഡോളുവിന്‍റെ ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ് ജോബിന്‍ ജയന്‍, മറാഠി ചിത്രം ജൂണിലെ അഭിനയത്തിന് സിദ്ധാര്‍ഥ് മേനോനും പുരസ്ക്കാര നേട്ടത്തിന് അര്‍ഹരായി. 

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍, മണ്‍സൂണ്‍സ് ഒാഫ് കേരളയുടെ ആഖ്യാനത്തിന് ശോഭ തരൂര്‍ ശ്രീനിവാസന്‍, ശബ്ദിക്കുന്ന കലപ്പയുടെ ഛായാഗ്രാഹണത്തിന് നിഖില്‍ എസ് പ്രവീണ്‍, മികച്ച വിദ്യാഭ്യാസ ചിത്രത്തിന് നന്ദന്‍ സംവിധാനം ചെയ്ത ഡ്രീമിങ് ഒാഫ് വേഡ്സ്, ഒാ ദാറ്റസ് ബാനുവിന്‍റെ സംവിധാനത്തിന് ആര്‍.വി രമണിയും പുരസ്ക്കാരം നേടി. അനൂപ് രാമകൃഷ്ണന്‍ രചിച്ച ‘എംടി; അനുഭവങ്ങളുടെ പുസ്തകം’ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക പരാമര്‍ശം നേടി. നിര്‍മാതാവും സംവിധായകനുമായ വിപുല്‍ ഷാ അധ്യക്ഷനും സംവിധായകന്‍ വിജി തമ്പി അംഗവുമായ ജൂറിയാണ് ഫീച്ചര്‍ വിഭാഗത്തിലെ പുരസ്ക്കാരങ്ങള്‍ നിര്‍ണയിച്ചത്. 2020–ൽ പുറത്തിറങ്ങിയ 295 ഫീച്ചർ സിനിമകളും 105 നോൺ ഫീച്ചർ സിനിമകളുമാണ് പുരസ്കാരത്തിനായി മത്സരിച്ചത്. നിർമാതാവും സംവിധായകനുമായ വിപുൽ‌ ഷാ ആയിരുന്നു ജൂറി ചെയർമാൻ. ഫിലിം ഫ്രണ്ട്‌ലി സ്റ്റേറ്റിനുള്ള പുരസ്കാരം മധ്യപ്രദേശ് നേടി. ഉത്തർപ്രദേശും ഉത്തരാഖണ്ഡും ഇൗ വിഭാഗത്തിൽ പ്രത്യേക പരാമർശം നേടി. സംവിധായകൻ പ്രിയദർശൻ അധ്യക്ഷനായ ജൂറിയാണ് ഇൗ പുരസ്കാരങ്ങൾ തിരഞ്ഞെടുത്തത്.

തലയെടുപ്പോടെ മലയാളം

സംവിധായകന്‍ – സച്ചി ( അയ്യപ്പനും കോശിയും )

സഹനടന്‍ – ബിജു മേനോന്‍ ( അയ്യപ്പനും കോശിയും )

ഗായിക – നഞ്ചമ്മ ( അയ്യപ്പനും കോശിയും )

സംഘട്ടനം – മാഫിയ ശശി, രാജശേഖര്‍, സുപ്രീം സുന്ദര്‍ ( അയ്യപ്പനും കോശിയും )

പ്രൊഡക്ഷന്‍ ഡിസൈന്‍ – അനീസ് നാടോടി (കപ്പേള)

ശബ്ദലേഖനം –  വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ (മാലിക്) 

പ്രത്യേക പരാമര്‍ശം – കാവ്യ പ്രകാശ് (വാങ്ക്) 

മികച്ച മലയാള ചിത്രം – തിങ്കളാഴ്ച്ച നിശ്ചയം

മികച്ച  നടന്‍ – സൂര്യ, അജയ് ദേവ്ഗണ്‍

മികച്ച നടി – അപര്‍ണ ബാലമുരളി

മികച്ച സിനിമ – സൂററൈ പൊട്ര്

ജനപ്രിയ ചിത്രം – താനാജി ദ് അണ്‍സങ് വാരിയര്‍

സംഗീത സംവിധാനം – എസ് തമന്‍

പശ്ചാത്തലസംഗീതം – ജി.വി പ്രകാശ് കുമാര്‍

എഡിറ്റിങ് – ശ്രീകര്‍ പ്രസാദ്