എസ്എഫ്‌ഐ അച്ചടക്ക നടപടി ഇന്നില്ല; അറസ്റ്റിലായ 19 പേര്‍ റിമാന്‍ഡില്‍

രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചവര്‍ക്കെതിരായ എസ്.എഫ്.ഐയുടെ അച്ചടക്ക നടപടി ഇന്നുണ്ടാവില്ല. എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം വയനാട്ടിലെത്തി ജില്ലാ കമ്മിറ്റി വിളിച്ചശേഷം മാത്രമാകും നടപടിയില്‍ തീരുമാനം. സമരത്തില്‍ ബാഹ്യ ഇടപെടലുണ്ടായോ എന്ന് പരിശോധിക്കുമെന്ന് അനുശ്രീ മനോരമ ന്യൂസിനോട് പ്രതികരിച്ചു. ഇതേസമയം ഉണ്ടായത് ഗുരുതരവീഴ്ചയാണെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും എല്‍ഡിഎഫ് വയനാട് ജില്ലാ കണ്‍വനീര്‍ സി.കെ.ശശീന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അക്രമത്തില്‍ കടുത്ത അതൃപ്തിയിലുള്ള സിപിഎം നേതൃത്വം എസ്.എഫ്.ഐ ദേശീയ അധ്യക്ഷന്‍ വി.പി.സാനുവിനെയും സംസ്ഥാന പ്രസിഡന്‍റ് കെ.അനുശ്രീയെയും എ.കെ.ജി സെന്‍ററിലേക്ക് വിളിച്ചുവരുത്തി. 

സിപിഎം നേതാക്കളും മുഖ്യമന്ത്രിയും ഇന്നലെ കടുത്തഭാഷയില്‍ എസ്.എഫ്.ഐ സമരത്തെ തള്ളിപ്പറഞ്ഞതിനാല്‍ സംഘടനാതലത്തില്‍ അച്ചടക്ക നടപടി ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഇന്ന് നേതാക്കളെ എ.കെ.ജി സെന്‍ററിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തതോടെ സിപിഎം കടുത്ത നിലപാടിലെന്ന സൂചനയും ലഭിച്ചു. സിപിഎം നേതൃത്വത്തെ കാണും മുമ്പ് വി.പി.സാനുവും അനുശ്രീയും അക്രമസമരത്തെ തള്ളിപ്പറയുകയും നടപടി ഉറപ്പ് നല്‍കുകയും ചെയ്തു. 

സിപിഎം നേതൃത്വവുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ്, സെന്‍റര്‍ യോഗങ്ങള്‍ ഇന്നു വിളിക്കാന്‍ തീരുമാനമായി. എസ്.എഫ്.ഐ സംസ്ഥാന നേതാക്കള്‍ വയനാട് സന്ദര്‍ശിക്കും. എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി യോഗം വിളിക്കും. സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന ശേഷം നടപടിയെടുത്താല്‍ മതിയെന്നും ധാരണയായി. വയനാട് ജില്ലാ പ്രസിഡന്‍റും സെക്രട്ടറിയുമടക്കം കേസില്‍ പ്രതിയായതോടെയാണ് തിടുക്കത്തില്‍ അച്ചടക്ക നടപടിവേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയത്. സംഘടന്ക്ക് കൂടുതല്‍ പരുക്കുപറ്റാതെ പ്രശ്നം പരിഹരിക്കാനാണ് ശ്രമം. സമരത്തില്‍ ബാഹ്യ ഇടപെടലുണ്ടോ എന്ന കാര്യമടക്കം പരിശോധിക്കുമെന്ന് സിപിഎം നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം കെ.അനുശ്രീ മനോരമ ന്യൂസിനോട് പറഞ്ഞു. രാവിലെ സിപിഎം സംസ്ഥാന സമിതിയോഗത്തിനെത്തിയ സി.കെ.ശശീന്ദ്രന്‍ എസ്.എഫ്.ഐ സമരം പാര്‍ട്ടി അറിയാതെയെന്നാണ് പ്രതികരിച്ചത്. 

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസിൽ 6 പേർ കൂടി കസ്റ്റഡിയിൽ. അറസ്റ്റിൽ ആയ 19 പേരെ വയനാട് ജില്ലാ കോടതി റിമാൻഡ് ചെയ്തു. അന്വേഷണത്തിനായി മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അറസ്റ്റിൽ ആയ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവർ അടക്കം 19 പേരെയാണ് വയനാട് ജില്ലാ കോടതി റിമാൻഡ് ചെയ്തത്. 10 പേരെ മാനന്തവാടി ജില്ലാ ജയിലിലേക്കും 9 പേർ വൈത്തിരി സബ് ജയിലിലേക്കും മാറ്റി. 6 പേർ കൂടി കസ്റ്റഡിയിൽ ആയതോടെ പിടിയിലായവരുടെ എണ്ണം 25 ആയി. അന്വേഷണത്തിന് മാനന്തവാടി ഡിവൈസ്എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. രണ്ടു കേസുകളിൽ ആയാണ് അന്വേഷണം. ഒന്ന് എംപി യുടെ ഓഫിസ് ആക്രമണം. രണ്ട്. പൊലീസിന് നേരെ ഉണ്ടായ അതിക്രമം. ഇതിൽ പ്രതികൾക്കായി  പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ദൃശ്യത്തിൽ പതിഞ്ഞ എസ്എഫ്ഐ പ്രവർത്തകരെ തിരിച്ചറിഞ്ഞിട്ടുണ്ട്.  പലരും ഒളിവിൽ പോയെന്നാണ് സൂചന.