രോഗികളുടെ പൂര്‍ണ ഉത്തരവാദിത്തം ഡോക്ടര്‍മാര്‍ക്ക്; താക്കീതുമായി ആരോഗ്യമന്ത്രി

അവയവദാനത്തിലെ അനാസ്ഥയിൽ ഡോക്ടർമാർക്കെതിരെ താക്കീതുമായി ആരോഗ്യ മന്ത്രി. ഉത്തരവാദപ്പെട്ടവർ ഉത്തരവാദിത്തം കാണിക്കണമെന്നും വീഴ്ച വന്നാൽ കടുത്ത നടപടിയുണ്ടാകുമെന്നും വീണാ ജോർജ് മുന്നറിയിപ്പ് നല്കി. സർജന്മാരെ വകുപ്പുമേധാവികൾ ചുമതലപ്പെടുത്തിയില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുകയാണെന്ന് കുറ്റപ്പെടുത്തിയ കെ ജി എം സി ടി എ, രേഖകൾ പരിശോധിക്കാനും വെല്ലുവിളിച്ചു. സംവിധാനത്തിന്റെ പിഴവിന് ഡോക്ടർമാരെ ബലിയാടാക്കിയെന്ന് ഐ എം എ വിമർശിച്ചു. 

കാലാകാലങ്ങളായി തുടരുന്ന രീതികൾ അനുവദിക്കാൻ കഴിയില്ലെന്നാണ് കടുത്ത ഭാഷയിൽ വീണാ ജോർജ് മുന്നറിയിപ്പ് നല്കുന്നത് . ഡോക്ടർമാരുടെ സസ്പെൻഷൻ അടച്ചടക്ക നടപടിയല്ല. നെഫ്റോളജി, യൂറോളജി വകുപ്പ് മേധാവിമാരായ ജേക്കബ് ജോര്‍ജും, വാസുദേവന്‍പോറ്റിയും  അവരവരുടെ ഡിപ്പാര്‍ട്ടമെന്റിലെ ബന്ധപ്പെട്ടവരെ അവയവ മാറ്റ ശസ്ത്രക്രിയയ്ക്കായി  ചുമതലപ്പെടുത്തിയിരുന്നില്ലെന്നാണ് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസിന്റ അന്വേഷണത്തിലെ കണ്ടെത്തല്‍. നെഫ്രോളജി വിഭാഗം മേധാവി ജേക്കബ് ജോര്‍ജ് ഡല്‍ഹിയിലാണെന്നും ചുമതല മറ്റാര്‍ക്കും കൈമാറിയിരുന്നില്ലെന്നും കണ്ടെത്തി. ഇരുവകുപ്പ് മേധാവികളുടേയും നിരുത്തരവാദപരമായ പെരുമാറ്റം കാലതാമസവും ആശയക്കുഴപ്പവും ഉണ്ടാക്കിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരേയും സസ്പെന്‍ഡ് ചെയ്തത്. 

വൃക്ക സ്വീകരിച്ച ശേഷം മരണപ്പെട്ട കാരക്കോണം സ്വദേശി സുരേഷ് കുമാറിന്റെ കുടുംബം നല്കിയ പരാതിയിൽ അസ്വാഭാവിക മരണത്തിനാണ് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിരിക്കുന്നത്. മെഡിക്കൽ അശ്രദ്ധയെന്ന പരാതിയിലെ പരാമർശം എഫ് ഐ ആറിൽ ഉൾപ്പെടുത്തിയിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടിയെന്നാണ് പൊലീസ് നിലപാട്.