കൊച്ചി മെട്രോയ്ക്ക് അഞ്ച് വയസ്: ഇന്ന് 5രൂപയ്ക്ക് എവിടേയ്ക്കും യാത്രചെയ്യാം

സംസ്ഥാനത്ത് പൊതുഗതാഗത രംഗത്തിന് പുതുവേഗം നല്‍കിയ കൊച്ചി മെട്രോയ്ക്ക് ഇന്ന് അഞ്ച് വയസ്. വൃത്തിയും വെടിപ്പും ഉറപ്പാക്കി കേരളത്തിന് പരിചിതമല്ലാത്ത പുത്തന്‍ ഗതാഗതസംസ്കാരത്തിനാണ് മെട്രോ തുടക്കം കുറിച്ചത്. മെട്രോ ഡേ ആയി ആചരിക്കുന്ന ഇന്ന് മെട്രോയില്‍ എവിടേയ്ക്കും യാത്രചെയ്യാന്‍ അഞ്ച് രൂപ മാത്രമാണ് ചെലവ്. 

തിങ്ങിഞ്ഞെരുങ്ങി നീങ്ങിയിരുന്ന കൊച്ചിക്ക് പുതുശ്വാസമായി മാറുകയായിരുന്നു കൊച്ചി മെട്രോ. മാറ്റത്തിന്‍റെ അതിവേഗ ട്രാക്കില്‍ കൊച്ചി നഗരവും മെട്രോയ്ക്കൊപ്പം മുന്നേറി. കോവിഡ് കാലത്തെ പ്രതിസന്ധികള്‍ മറികടന്ന് യാത്രക്കാരുടെ എണ്ണത്തിലും മെട്രോ അഞ്ചാം വര്‍ഷം റെക്കോര്‍ഡ് നേട്ടത്തിലേക്ക് നീങ്ങുകയാണ്. ആലുവയില്‍ നിന്ന് നഗരത്തിലൂടെ 25കിലോമീറ്റര്‍ നീളുന്ന മെട്രോ അധികം താമസിയതെ തൃപ്പൂണിത്തുറയിലേക്കും നീളും. പുതിയ രണ്ട് സ്റ്റേഷനുകള്‍ ഈ മാസം യാഥാര്‍ഥ്യമാകും. നിലവില്‍ ഏഴുപതിനായിരം യാത്രക്കാര്‍ മെട്രോയെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്ക്. കൂടുതല്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ച് മെട്രോയെ കൂടുതല്‍ ജനകീയമാക്കുകയാണ് ലക്ഷ്യം.

മെട്രോയുടെ കുതിപ്പിന്‍റെ അഞ്ചാംവര്‍ഷം കൊച്ചിക്കാരും ആഘോഷമാക്കുകയാണ്. ഇലക്ട്രിക് ബസുകളെ കൂട്ടിയിണക്കിയുള്ള മെട്രോയുടെ ഫീഡര്‍ സര്‍വീസുകള്‍ക്കും ലഭിക്കുന്നതും മികച്ച പ്രതികരണം. അഞ്ചാം വാര്‍ഷികത്തില്‍ വാട്ടര്‍ മെട്രോ കൂടി സാധ്യമാക്കുകയാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്. ബോട്ട് ജെട്ടികള്‍ തയാറായി കഴിഞ്ഞു അഞ്ച് ബോട്ടുകള്‍ കൂടി ലഭിക്കുന്ന മുറയ്ക്ക് വാട്ടര്‍ മെട്രോയും കുതിച്ചു തുടങ്ങും.