പരാജയത്തിന് കാരണം നിരത്തി സിപിഎം; ജില്ലയിലെ നേതാക്കൾക്ക് വിമർശനം

തൃക്കാക്കരയിലെ വമ്പന്‍ പരാജയത്തിന് കൂടുതല്‍ കാരണങ്ങള്‍ നിരത്തി സി.പി.എം. സംസ്ഥാന നേതാക്കളുടെ സാനിധ്യം ഉണ്ടായിട്ടും ജില്ലയിലെ പ്രമുഖ നേതാക്കള്‍ പലരും ഇടതു സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചില്ലെന്ന അതൃപ്തി എം. സ്വരാജ് നേതൃത്വത്തെ അറിയിച്ചു. പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ പാളിച്ചയുണ്ടായെന്നും ജില്ലാ നേതൃത്വം കണ്ടെത്തി. ചെറിയ തോല്‍വിക്ക് വലിയ ശിക്ഷ നടപ്പാക്കിയ പഴയ നടപടി തിരുത്തേണ്ടി വരുമെന്ന തരത്തിലെയ്ക്കാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പുപരാജയത്തോടെ സി.പി.എം എത്തിയിരിക്കുന്നത്. ജില്ലാ നേതാക്കളും സംസ്ഥാന നേതാക്കളും രണ്ടു തട്ടില്‍ നില്‍ക്കെ തിരഞ്ഞെടുപ്പു പരാജയത്തില്‍ കൂടുതല്‍ പരിശോധന ഉണ്ടാകും. 

പരാജയത്തില്‍ കടുത്ത അതൃപ്തി ഇരുഭാഗത്തും നിലനില്‍ക്കുന്നുമുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ശേഷം ലഭിച്ച സുപ്രധാനചുമതലയില്‍ കനത്തപരാജയമായ എം. സ്വരാജിന് വലിയ അതൃപ്തിയാണ് നിലനില്‍ക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് നിശ്ചയിച്ച സ്ഥാനാര്‍ഥിയെ മാറ്റാന്‍ ജില്ലയിലെ എട്ടുസംസ്ഥാന കമ്മറ്റി അംഗങ്ങള്‍ ചേര്‍ന്ന്് നീക്കം നടത്തിയെന്നും ആക്ഷേപമുണ്ട്. അതേസമയം പുതിയ വോട്ടര്‍മാരെ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് പ്രഖ്യപനത്തിന് മുന്‍പേ ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിമാര്‍ക്ക് പ്രത്യേക സര്‍ക്കുലര്‍ നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് ജില്ലാ നേതൃത്വം വിലയിരുത്തുന്നു. ബൂത്തുതല വോട്ടിംങ് പരിശഓധിച്ചപ്പോഴാണ് വീഴ്ച തിരിച്ചറിഞ്ഞത്. ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന ഘടകത്തിന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം  വ്യക്തമാക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ ഉണ്ടായ ചെറിയ തോല്‍വിയില്‍ ജില്ലാസെക്രട്ടറിയേറ്റ് അംഗത്തിനെതിരെ വരെ നടപടി എടുത്ത സാഹചര്യത്തില്‍, ഇക്കുറി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെഇരുപതോളം പേര്‍ക്കെതിരെ നടപടിക്ക് സാധ്യതയേറി.