കരാറുകാരോട് കമ്മീഷൻ ആവശ്യപ്പെട്ടു; പഞ്ചാബില്‍ ആരോഗ്യമന്ത്രി അറസ്റ്റിൽ

കരാറുകാരോട് കമ്മീഷന്‍ ആവശ്യപ്പെട്ടുവെന്ന ആരോപണം നേരിടുന്ന ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍. പിന്നാലെ വിജയ് സിംഗ്ലയെ പഞ്ചാബ് പൊലീസിലെ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു. ഒരുശതമാനം അഴിമതി പോലും വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍ പറഞ്ഞു. 

ആരോഗ്യ മന്ത്രി വിജയ് സിംഗ്ല കരാറുകാരോട് ഒരു ശതമാനം കമ്മീഷന്‍ ആവശ്യപ്പെടുന്നതായുള്ള പരാതിയുമായി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ 10 ദിവസം മുമ്പാണ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നിനെ കാണുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പഞ്ചാബ് പൊലീസിലെ അഴിമതി വിരുദ്ധ വിഭാഗം നടത്തിയ രഹസ്യ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞു. ഇതോടെയാണ് വിജയ് സംഗ്ലയെ മന്ത്രിസഭയില്‍ നിന്നും മുഖ്യമന്ത്രി പുറത്താക്കിയത്. തൊട്ടുപിന്നാലെ പഞ്ചാബ് പൊലീസിലെ അഴിമതി വിരുദ്ധ വിഭാഗം എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്ത് മുന്‍മന്ത്രിയുടെ അറസ്റ്റും രേഖപ്പെടുത്തി. 

വിജയ് സിംഗ്ലക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും, അഴിമതിക്കെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍ പ്രതികരിച്ചു. പഞ്ചാബ് മുഖ്യമന്ത്രിയുടെ നടപടിയെ പ്രകീര്‍ത്തിച്ച് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. ഭഗവന്ത് മന്നിന്‍റെ നടപടി കണ്ണു നിറച്ചുവെന്നും അഭിമാനം തോന്നുന്നുവെന്നും കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. ഇത് രണ്ടാം തവണയാണ് അഴിമതി ആരോപണം നേരിടുന്ന മന്ത്രിയെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പുറത്താക്കുന്നത്. 2015ല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് മന്ത്രിയെ പുറത്താക്കിയിരുന്നു.