ചക്രവാതച്ചുഴിയിൽ ജാഗ്രത മുന്നറിയിപ്പ്: കേരളത്തില്‍ മഴ അതിശക്തമാകുന്നു

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് ഒടുവില്‍ പുറത്തുവരുന്ന കാലാവസ്ഥാ മുന്നറിയിപ്പ്. തെക്കന്‍ കര്‍ണാടകത്തിന് മുകളില്‍ ചക്രവാതച്ചുഴി രൂപംകൊണ്ടതിനെത്തുടര്‍ന്നാണ് ജാഗ്രതാ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും പരക്കെ മഴ ലഭിക്കും.

മല്‍സ്യബന്ധനത്തിനും രാത്രിയാത്രക്കുമുള്ള വിലക്ക് തുടരും.  എറണാകുളം,ഇടുക്കി,തൃശൂര്‍,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

അതിനിടെ, കോഴിക്കോട് മാവൂരില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു. കൂളിമാട് മലപ്പുറം പാലത്തിന്റ  സ്ലാബ് ഇളകി പുഴയില്‍ വീണു. ചാലിയാറിനു കുറുകെ കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണ് വീണത്.