കോണ്‍ഗ്രസ് സഹകരണത്തിന്‍റെ വാതില്‍ ‌അടഞ്ഞില്ല; മോദി അപരാജിതനല്ല: പ്രശാന്ത്

കോണ്‍ഗ്രസുമായി സഹകരിക്കാനുള്ള സാധ്യത അടഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള കര്‍മപദ്ധതി പാര്‍ട്ടി േനതൃത്വത്തിന് നല്‍കിയിരുന്നു. കര്‍മ പദ്ധതി എങ്ങിനെ നടപ്പാക്കണം എന്നതിനെച്ചൊല്ലിയായിരുന്നു ഭിന്നത. ആഴത്തിലുളള ഘടനപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശക്തമായ നേതൃത്വവും കൂട്ടായ തീരുമാനവും വേണം. തന്‍റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയോഗിച്ച ഉന്നതതല സമിതിക്ക് പാര്‍ട്ടി ഭരണഘടനപരമായി സാധുതയില്ലാത്തതിനാലാണ് കോണ്‍ഗ്രസുമായി പിരിഞ്ഞതെന്നും പ്രശാന്ത് കിഷോര്‍ വെളിപ്പെടുത്തി. 

തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാനുള്ള സാധ്യത തള്ളാതെയും പ്രശാന്ത് കിഷോര്‍.  ദ് വീക്കിന് നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്ത് കിഷോര്‍ നിലപാട് വ്യക്തമാക്കിയത്. ബിജെപിക്കെതിരെ താന്‍ പ്രതിപക്ഷപ്പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രശാന്ത് കിഷോര്‍ തള്ളി.  

ബിഹാറില്‍ ജന്‍ സുരാജ് എന്ന പേരിട്ട ജനമുന്നേറ്റത്തിലൂടെ രാഷ്ട്രീയപ്രവേശത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് പ്രശാന്ത് കിഷോര്‍. സദ്ഭരണത്തിന് വഴിയൊരുക്കുകയാണ് ലക്ഷ്യമെന്ന് പ്രശാന്ത് കിഷോര്‍. രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുമോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള സാധ്യത പ്രശാന്ത് കിഷോര്‍ തള്ളുന്നില്ല.

ബിഹാറിന്‍റെ വികസനത്തില്‍ നിതീഷ് കുമാറും ലാലു പ്രസാദ് യാദവും വീഴ്ച്ച വരുത്തി. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള കര്‍മ പദ്ധതി പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയിരുന്നു. ഇത് നടപ്പാക്കുന്നതിനെച്ചൊല്ലിയായിരുന്നു ഭിന്നതയുണ്ടായിരുന്നത്. നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സോണിയ ഗാന്ധി രൂപീകരിച്ച സമിതിക്കുള്ള കോണ്‍ഗ്രസിന്‍റെ ഭരണഘടനപരമായ സാധുതയില്ലായിരുന്നു. രാഹുല്‍ ഗാന്ധി ചര്‍ച്ചകളുമായി സഹകരിച്ചിരന്നു. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളവര്‍ അധ്യക്ഷനായാല്‍ കോണ്‍ഗ്രസിന് നിലനില്‍പ്പില്ലെന്ന വാദം പ്രശാന്ത് കിഷോര്‍ തള്ളി.  

പ്രധാനമന്ത്രി നരേന്ദ്ര മോദി അപരാജിതനല്ല. എടുത്തുകാട്ടാന്‍ പറ്റുന്ന നേതാക്കളും ജനങ്ങളെ സ്വാധീനിക്കുന്ന വിഷയങ്ങളുമില്ലെങ്കില്‍ ബിജെപിക്കെതിരായ വിശാല സഖ്യം ഗുണം ചെയ്യണമെന്നില്ല- അദ്ദേഹം പറഞ്ഞു.