സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന മഞ്ജുവിന്റെ പരാതി; സനല്‍കുമാര്‍ അറസ്റ്റിൽ

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പൊലീസ് അറസ്റ്റുചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടി മഞ്ജു വാരിയരുടെ പരാതിയിലാണ് നടപടി. കൊച്ചി സിറ്റി പൊലീസ് പാറശാലയിലെത്തിയാണ് പിടികൂടിയത്. മഞ്ജുവാരിയര്‍ നായികയായ കയറ്റം സിനിമയുടെ സംവിധായകനാണ് സനല്‍ . 

തനിക്കെതിരെ തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ പരാതി. കേസിൽ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കുകയായിരുന്നു. മഞ്ജു വാരിയരുടെ ജീവൻ തുലാസിലാണെന്നും അവർ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സംവിധായകൻ സനൽ കുമാർ ശശിധരൻ പങ്കുവച്ച ഫെയ്സ്ബുക് പോസ്റ്റുകൾ വിവാദമായിരുന്നു

നടിയെ പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ സംഘത്തെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാരിയരുടെ മൊഴിയെടുത്തതിനു തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സാഹചര്യങ്ങൾ വച്ച് നോക്കുമ്പോൾ മഞ്ജു ഉൾപ്പെടെ ചില മനുഷ്യരുടെ ജീവൻ തുലാസിലാണെന്ന് സംശയിക്കുന്നതായും സനൽ പോസ്റ്റിൽ ആരോപിച്ചിരുന്നു. ഇതിനു മുമ്പും മഞ്ജു വാരിയർ തനിക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് സനൽ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.