ആവേശം വാനോളം; സന്തോഷ് ട്രോഫി ഫൈനൽ ആദ്യ പകുതി ഗോൾരഹിതം (0-0)

ചിത്രം– എഐഎഫ്എഫ്, ട്വിറ്റർ)

കേരള– ബംഗാൾ സന്തോഷ് ട്രോഫി കലാശപ്പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾ രഹിതം (0–0). മികച്ച അവസരങ്ങൾ ലഭിച്ചിട്ടും ബംഗാൾ ഗോൾകീപ്പറുടെ ഉജ്വല സേവുകളും നിർഭാഗ്യവുമാണു കേരളത്തിനു തിരിച്ചടിയായത്. മറുവശത്ത് ലഭിച്ച 2 ഗോൾ അവസരങ്ങൾ മുതലാക്കാൻ ബംഗാളിനും കഴിഞ്ഞില്ല. പന്തടക്കത്തിൽ മുൻതൂക്കം ബംഗാളിന് ആയിരുന്നെങ്കിലും കൂടുതൽ അവസരങ്ങൾ ഒരുക്കിയത് കേരളമാണ്. 

18–ാം മിനിറ്റിൽ കേരളത്തിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും ക്യാപ്റ്റൻ ജിജോ ജോസഫിന്റെ കിക്ക് ബംഗാൾ ഗോൾ കീപ്പർ പിടിച്ചെടുത്തു. പിന്നാലെ, 23–ാം മിനിറ്റിൽ മികച്ച ഒരു ഗോളവസരം ബംഗാളും തുലച്ചു. സെമിഫൈനലിൽ കർണാടകയ്ക്കെതിരെ ഇറങ്ങിയ അതേ ടീമിനെത്തന്നെയാണ് കോച്ച് ബിനോ ജോർജ് ഫൈനലിലും അണിനിരത്തിയത്. കർണാടകയ്ക്കെതിരെ പകരക്കാരനായി ഇറങ്ങി 5 ഗോളടിച്ച ജെസിന് പ്ലേയിങ് ഇലവനിൽ ഇടം കിട്ടിയില്ല.

37–ാം മിനിറ്റിൽ മൊഹിതേഷ് റോയിയുടെ ഗോൾ എന്നുറച്ച ഷോട്ട് തട്ടിയകറ്റി ഗോൾ കീപ്പർ മിഥുൻ കേരളത്തിന്റെ രക്ഷകനായി. പിന്നാലെ 38–ാം മിനിറ്റിൽ വിക്നേഷിനെ പിൻവലിച്ച് കോച്ച് ബിനോ ജോർജ് ജെസിനെ കളത്തിലിറക്കി. എണ്ണം പറഞ്ഞ മുന്നേറ്റങ്ങൾ നടത്തി ബംഗാൾ പ്രതിരോധത്തെ പരീക്ഷിക്കാൻ ജെസിനായെങ്കിലും ഗോൾ മാത്രം വന്നില്ല. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഗോളി മിഥുൻ മാത്രം മുന്നിലുള്ളപ്പോള്‍ ഗോൾ നേടാനുള്ള സുവർണാവസരം ബംഗാൾ പാഴാക്കി. 

കേരളത്തിന്റെ 15–ാം ഫൈനലാണിത്. മറുവശത്ത് 33–ാം കിരീടം ലക്ഷ്യമിട്ടാണ് ബംഗാൾ കളിക്കുന്നത്.