തമിഴ്നാട്ടില്‍ ബസ് നിരക്ക് കേരളത്തിന്റെ പകുതി; ജനത്തിന്റെ നടുവൊടിക്കാതെ സർക്കാർ

ഫയൽ ചിത്രം

ഡീസല്‍ വിലയില്‍ വലിയ വ്യത്യാസമില്ലെങ്കിലും തമിഴ്നാട്ടില്‍ ബസ് നിരക്കു കേരളത്തിലേതിനു നേര്‍പകുതി മാത്രം. ഓര്‍ഡിനറി ബസുകളില്‍ മിനിമം നിരക്ക്  അഞ്ചുരൂപയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓര്‍ഡിനറി ബസുകളില്‍ യാത്ര  സൗജന്യവുമാണ്. ബസ് ഗതാഗതം പൊതുമേഖലാ കുത്തകയായ തമിഴ്നാട്ടില്‍ നഷ്ടം സര്‍ക്കാര്‍ സഹിച്ചു ജനത്തെ സംരക്ഷിക്കുന്നതാണു നിരക്ക് ഇത്രയും താഴ്ന്നുനില്‍ക്കാന്‍ കാരണം.

2018 ലാണു തമിഴ്നാട്ടില്‍ അവസാനമായി നിരക്കുവര്‍ധനയുണ്ടായത്. ഓര്‍ഡിനറിക്ക് മിനിമം 5 രൂപയും ലിമിറ്റഡ് സ്റ്റോപ്പുകളില്‍ ആറും  എക്സ്പ്രസ് ബസുകളില്‍ 7 ഉം ഡീലക്സില്‍ പതിനൊന്നും രൂപയാണു നിലവിലെ നിരക്ക്.

എട്ടു കോര്‍പ്പറേഷനുകളിലായി 21000 ബസുകളാണു ദിവസവും നിരത്തിലിറങ്ങുന്നത്. രണ്ടുകോടി ജനം യാത്രയ്ക്കായി ബസുകളെ ആശ്രയിക്കുന്നു. ദൈനംദിന നഷ്ടം 20 കോടി. സഞ്ചിത നഷ്ടം ഇതുവരെ നാല്‍പതിനായിരം കോടിയായി. പൊതുഗതാഗത നട്ടല്ലായതിനാല്‍ ജനത്തെ പരീക്ഷിക്കാന്‍ സര്‍ക്കാരുകള്‍ തയാറല്ല.

സംസ്ഥാനത്താകെ ആറായിരത്തിനടുത്ത് സ്വകാര്യ ബസുകള്‍ മാത്രമാണുള്ളത്. മൊത്തം യാത്രക്കാരില്‍ 40 ശതമാനവും സ്ത്രീകളാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓര്‍ഡിനറി ബസുകളില്‍ യാത്ര സൗജന്യമാണ്. ഇതിനായി സബ്സിഡിയായി 1200 കോടി രൂപ ഓരോ മാസവും  സര്‍ക്കാര്‍ കോര്‍പ്പറേഷനുകള്‍ക്കു നല്‍കും.

നിരക്ക് വര്‍ധനയ്ക്കുവേണ്ടി സമരം ചെയ്യാന്‍ മാത്രം സംഘടിതരല്ല തമിഴ്നാട്ടിലെ സ്വകാര്യ ബസ് ഉടമകള്‍. ജനത്തിന്റെ നടുവൊടിച്ച് നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനുമില്ല താല്‍പര്യം.