ജെബിയുടേത് പേയ്മെന്റ് സീറ്റ്; വിവാദം തുറന്നിട്ട് അസീസ്; പിന്നാലെ നിഷേധം

കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് പേയ്മെന്റ് സീറ്റാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്. ജെബി മേത്തർ പണം നൽകി വാങ്ങിയതാണ് രാജ്യസഭാ സീറ്റെന്ന് അസീസ് ആർ.വൈ.എഫ് സമ്മേളനത്തിൽ പറഞ്ഞു. അതേസമയം, പ്രസ്താവന വിവാദമായതോടെ അസീസ് മലക്കംമറിഞ്ഞു. പേയ്മെന്റ് സീറ്റാണ് പറഞ്ഞിട്ടേയില്ലെന്ന് അസീസ് പിന്നീട് മനോരമന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന ആർ.വൈ.എഫ് പ്രതിനിധി സമ്മേളനത്തിലാണ് കോൺഗ്രസിനെയും യു.ഡി.എഫിനെയും ഒരുപോലെ വെട്ടിലാക്കുന്ന വിവാദ പരാമർശം എ.എ.അസീസ് നടത്തിയത്. ജെബി മേത്തർ കാശ് കൊടുത്ത് രാജ്യസഭാ സീറ്റ് വാങ്ങിയെന്ന് പ്രസംഗത്തിൽ വ്യക്തമായി പറഞ്ഞ എ.എ.അസീസ്, പരാമർശം വിവാദമായതോടെ മലക്കംമറിഞ്ഞു. പേയ്മെന്റ് സീറ്റാണെന്ന ആരോപണം തന്റെ സൃഷ്ടിയല്ലെന്നും അസീസ് സൂചിപ്പിച്ചു.

അതേസമയം, രാജ്യസഭാ സീറ്റിനെ ചൊല്ലി ഇത്രയധികം കോലാഹലങ്ങൾ ആവശ്യമില്ലായിരുന്നുവെന്ന നിലപാണ് ആർ.എസ്.പിക്ക്. അസീസിന്റെ പ്രസ്താവനയിൽ കോൺഗ്രസ് നേതാക്കൾ ആർ.എസ്.പി നേതൃത്വത്തെ കടുത്ത അതൃപ്തി അറിയിച്ചെന്നാണ് വിവരം.