വീര്യമുള്ള മദ്യം ഉല്‍പാദിപ്പിക്കും; കേരള ബ്രാന്‍ഡ് കയറ്റുമതിയും പരിഗണനയില്‍: മന്ത്രി

സംസ്ഥാനത്ത് വീര്യമുള്ള മദ്യം ഉല്‍പാദിപ്പിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേരള ബ്രാന്‍ഡ് മദ്യം കയറ്റുമതി ചെയ്യുന്നതും പരിഗണിക്കും. ഇതിനുള്ള നിയമതടസങ്ങള്‍ മാറ്റാന്‍ ശ്രമം നടക്കുന്നു. കാലോചിതമായി പലമേഖലകളിലും നികുതി വര്‍ധനയുണ്ടാകുമെന്നും സംസ്ഥാന ബജറ്റിന് മുന്നോടിയായി മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ബാലഗോപാല്‍ തുറന്നുപറഞ്ഞു.   

വെള്ളിയാഴ്ച അവതരിപ്പിക്കാനുള്ള സംസ്ഥാന ബജറ്റിന്‍റെ പണിപ്പുരയിലാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഉല്‍പാദനമേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ പ്രതീക്ഷിക്കാം. സ്വകാര്യമേഖലയില്‍ വ്യവസായപാര്‍ക്കുകള്‍ക്ക് സര്‍ക്കാര്‍ സൗകര്യം ചെയ്തുകൊടുക്കും. വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കുന്നതിന് എക്സൈസ് നയത്തില്‍ മാറ്റംവരുത്തും. വീര്യം കൂടിയ മദ്യവും കേരളത്തില്‍ ഉല്‍പാദിപ്പിക്കും. മദ്യത്തിന്‍റെ കയറ്റുമതിയും പരിഗണനയിലുണ്ടെന്ന് ബാലഗോപാല്‍. 

ഖജനാവിലേക്കുള്ള വരുമാനം കൂട്ടാന്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് നികുതികള്‍ കൂട്ടേണ്ടിവരും. മദ്യനികുതി കൂട്ടുമോ എന്ന ചോദ്യത്തിന് ഒരുപാട് വര്‍ധിപ്പിക്കാനാവില്ല എന്നായിരുന്നു മറുപടി. വരുമാനം കൂട്ടുന്നതിന് പുറമെ അനാവശ്യചെലവുകള്‍ കുറയ്ക്കും. ഉദ്യോഗസ്ഥ പുനര്‍വിന്യാസം തുടരും. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന മുന്‍ വാഗ്ദാനം പാലിക്കുമോ എന്ന ചോദ്യത്തിന് ധനമന്ത്രി വ്യക്തമായ ഉത്തരം നല്‍കിയില്ല.