‘ലൈക്ക് അടിച്ചതിലെ വൈരാഗ്യം കൊലയിലെത്തി; കോട്ടയത്തേത് പ്രതികാരം’

കോട്ടയത്ത് യുവാവിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത് സംഘാംഗത്തെ മർദിക്കുന്ന ദൃശ്യങ്ങൾക്ക് ലൈക്ക് അടിച്ചതിന്റെ പ്രതികാരമെന്ന് പൊലീസ്. കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ കൊലപാതകത്തിലെ അഞ്ച് പ്രതികളെയും പൊലീസ് പിടികൂടി. ഒന്നാം പ്രതി ജോമോന്റെ മാങ്ങാനത്തെ  വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെത്തിച്ചായിരുന്നു കൊടിയ പീഡനം.

ഒന്നാം പ്രതി ജോമോൻ ഉൾപ്പെട്ട ഗുണ്ടാസംഘത്തിന്റെ തലവൻ മണർകാട് സ്വദേശി ലുതീഷ് ഉൾപ്പെടെ അഞ്ചുപേരാണ് കേസിലെ പ്രതികൾ. കഴിഞ്ഞ ഒക്ടോബറിൽ ലുതീഷിനെ തൃശ്ശൂരിൽ എത്തിച്ചാണ് ഷാനിന്റെ സുഹൃത്തുക്കൾ മർദിച്ചത്.  സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച ഈ ദൃശ്യങ്ങൾ ജോമോൻറെ ഉറ്റസുഹൃത്തായ സുഹൃത്തായ ഷാൻ പിന്തുണച്ചത് വൈരാഗ്യത്തിന് കാരണമായി. 

നഗരത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ മാങ്ങാനത്ത് ഷാനെ എത്തിച്ചായിരുന്നു പീഢനം. ഇവിടെ നടത്തിയ തെളിവെടുപ്പിൽ ഷാനിന്റെ വസ്ത്രങ്ങളും മറ്റും കണ്ടെത്തി. ലതീഷിനെ മർദിച്ച അതേ രീതിയിലാണ് ഷാനിനെയും മർദിച്ചത്.  

മരണം ഉറപ്പിച്ചതോടെ ജോമോനെ പൊലീസ് ക്ലബിന് മുന്നിൽ ഇറക്കി മറ്റ് പ്രതികൾ രക്ഷപ്പെട്ടു. ഇവിടെ നിന്ന് തോളിൽ ചുമന്നാണ് ജോമോൻ മൃതദേഹം പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. കേസിൽ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി വിശദീകരിച്ചു. 30 കിലോ കഞ്ചാവ് കടത്തിയ കേസിൽ ജയിലിലായിരുന്ന ഷാൻ ഓഗസ്റ്റിലാണ് പുറത്തിറങ്ങിയത്.