യു ട്യൂബറെ മര്‍ദിച്ച കേസില്‍ 3 പേര്‍ക്കെതിരെ കുറ്റപത്രം; നേരിട്ടു ഹാജരാകണം

വിവാദ യു ട്യൂബര്‍ വിജയ് പി.നായരെ  മര്‍ദിച്ച കേസില്‍ നടി ഭാഗ്യലക്ഷ്മി അടക്കം മൂന്നു പേര്‍ക്കെതിരെ കുറ്റപത്രം. മൂന്നു പേരോടും ഈ മാസം 22 ന് നേരിട്ടു ഹാജരാകാന്‍ കോടതി നിര്‍ദേശം. സ്ത്രീകള്‍ക്കെതിരായി മോശം പരാമര്‍ശം നടത്തിയെന്ന പേരിലാണ് വിവാദ യൂട്യൂബര്‍  വിജയ് പി.നായരെ മര്‍ദിച്ചശേഷം ശരീരത്ത് മഷി ഒഴിച്ചത്.

ഭാഗ്യലക്ഷ്മിയോടൊപ്പമുണ്ടായിരുന്ന ദിയസന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് മറ്റു പ്രതികള്‍. ലോഡ്ജില്‍ അതിക്രമിച്ചു കടന്നു വിജയ്പി.നായരെ മര്‍ദിച്ചശേഷം മഷി ഒഴിച്ചെന്നാണ് കുറ്റപത്രം. ലാപ്ടോപും മൊബൈലും മോഷ്ടിച്ചെന്നു പരാതിയിലുണ്ടായിരുന്നെങ്കിലും മോഷണ കുറ്റം ചുമത്തിയിട്ടില്ല. മൂവരോടും ഈ മാസം 22 ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകണം. 2020 സെപ്റ്റംബര്‍ 26 നാണ് നടന്ന മര്‍ദനത്തില്‍  തമ്പാനൂര്‍ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഭാഗ്യലക്ഷ്മിയുടെയടക്കമുള്ളവരുടെ പരാതിയില്‍ വിജയ് പി.നായരെ അറസ്റ്റു ചെയ്തിരുന്നു. 

വിജയ് പി.നായരുടെ പരാതിയില്‍ അന്നു മൂവര്‍ക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ഓഫിസില്‍ കടന്നുകയറി അകാരണമായി മര്‍ദിച്ചെന്നും ലാപ്ടോപും മൊബൈല്‍ഫോണും മോഷ്ടിച്ചെന്നായിരുന്നു വിജയ്പി നായരുടെ പരാതി. അന്നും പൊലീസ് ഭാഗ്യല്ഷ്മിയടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യം എതിര്‍ത്തിരുന്നു. അതിനുശേഷമാണ് ഇപ്പോള്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.