മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജം; കടയ്ക്കാവൂരിലെ അമ്മയ്ക്ക് നീതി

തിരുവനന്തപുരം കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ അമ്മയ്ക്ക് നീതി. പരാതി വ്യാജമെന്ന അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി അമ്മയെ കുറ്റവിമുക്തയാക്കി. കേസിലെ ദുരൂഹത മനോരമ ന്യൂസ് പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്നായിരുന്നു പുനരന്വേഷണം നടത്തിയത്.

പതിമൂന്നുകാരനായ മകനെ 36 കാരിയായ അമ്മ പീഡിപ്പിച്ചെന്നായിരുന്നു കേട്ടുകേള്‍വിയില്ലാത്ത പരാതി. കുടുംബപ്രശ്നങ്ങള്‍ക്കിടെ ഭര്‍ത്താവാണ് നാല് മക്കളില്‍ ഒരാളേക്കൊണ്ട് പരാതി നല്‍കിച്ചത്. അന്വേഷണമൊന്നും നടത്താതെ കടയ്ക്കാവൂര്‍ പൊലീസ് അമ്മയെ അറസ്റ്റ് ചെയ്തു. 27 ദിവസം ജയിലിലുമടച്ചു. എന്നാല്‍ പരാതി വ്യാജമെന്ന്  പീഡനത്തിന് ഇരയായെന്ന പറയുന്ന കുട്ടിയുടെ സഹോദരന്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയതോടെ ദുരൂഹതകള്‍ പുറത്തേക്ക്.

പൊലീസിന്റെ വീഴ്ചകളും തുറന്ന് കാട്ടിയതോടെ പുനരന്വേഷണത്തിന് ഡി.ജി.പിയുടെ ഉത്തരവ്. എസ്.പി ദിവ്യാ ഗോപിനാഥിന്റെ നേതൃത്വത്തിെല അന്വേഷണത്തില്‍ പരാതി വ്യാജമെന്ന് െതളിഞ്ഞു. വൈദ്യപരിശോധാ റിപ്പോര്‍ട്ടിലും പീഡനമില്ലന്ന് സ്ഥിരീകരിച്ചു. കുട്ടി പറഞ്ഞ നുണയെന്ന് കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇത് അംഗീകരിച്ച് കോടതി കേസ് തീര്‍പ്പാക്കിയതോടെ അത്യന്ദം നീചമായ കുറ്റത്തിന് ജയിലിലടക്കപ്പെട്ട അമ്മയ്ക്ക് നീതി.  എന്നാല്‍ പരാതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും തിടുക്കത്തില്‍ അമ്മയെ അറസ്റ്റ് ചെയ്ത് ജയിലടച്ച പൊലീസുകാരെയും കണ്ടെത്തി ശിക്ഷിക്കാനുള്ള നടപടി ഇനിയും ബാക്കിയാണ്.