scv hss

പത്തനംതിട്ട കൊറ്റനാട് സ്കൂള്‍കെട്ടിടം പണിയാനെന്ന പേരില്‍ അധ്യാപകരുടെ സാലറി സര്‍ട്ടിഫിക്കറ്റ് ഈടുനല്‍കി മൂന്നുകോടി രൂപ വായ്പ വാങ്ങി വഞ്ചിച്ചെന്ന് പരാതി. സ്കൂള്‍ മാനേജരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗവും സി.പി.ഐ നേതാവുമായിരുന്ന മനോജ് ചരളയിലിനെതിരെ 14 അധ്യാപകരുള്‍പ്പെടെ 15 പേരാണ് പെരുമ്പെട്ടി പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ഒക്ടോബറില്‍ പ്രതി മനോജ് ചരളയില്‍ മരിച്ചതോടെയാണ് തിരിച്ചടവ് വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നെന്ന് അധ്യാപകര്‍ തിരിച്ചറിഞ്ഞത്.

31 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനൊടുവില്‍ അടുത്ത വര്‍ഷം വിദ്യാലയത്തിന്‍റെ പടിയിറങ്ങാനിരിക്കുമ്പോഴാണ് സ്വയമറിയാതെ തലയില്‍ വന്ന ബാധ്യതയെ കുറിച്ച് ഹെഡ്മാസ്റ്റര്‍ അനില്‍ കുമാര്‍ അറിയുന്നത്. സ്കൂള്‍ മാനേജരായിരുന്ന മനോജ് ചരളയില്‍ സ്കൂളിന്‍റെ വികസനത്തിനെന്നു പറഞ്ഞ് 2012ലും 2018ലും സാലറി സര്‍ട്ടിഫിക്കറ്റ് വാങ്ങിയത് സുനില്‍ കുമാര്‍ ഓര്‍ക്കുന്നുണ്ട്. പക്ഷേ ചിട്ടിക്കെന്നു വിശ്വസിപ്പിച്ച് വാങ്ങിയ സര്‍ട്ടിഫിക്കറ്റ് 86 ലക്ഷത്തിന്‍റെ ബാധ്യതയാകുമെന്ന് അധ്യാപകന്‍ കരുതിയില്ല.

കഴിഞ്ഞ വര്‍ഷമാണ് അനില്‍ കുമാര്‍ എച്ച്.എം ആയി ചുമതലയേറ്റത്. അടുത്തിടെ നോട്ടീസുകള്‍ വന്നുതുടങ്ങിയതില്‍ പിന്നെയാണ് പറ്റിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞത്. റിട്ടയര്‍ ചെയ്ത പലര്‍ക്കും ഗ്രാറ്റിവിറ്റി പോലും കിട്ടിയിട്ടില്ല. കൊറ്റനാട് എസ്.സി.വി ഹൈസ്കൂളിലെ 14 അധ്യാപകരു‌ടെയും ക്ലര്‍ക്കിന്‍റെയും അവസ്ഥ സമാനമാണ്. 

സ്കൂളിന്‍റെ ഉടമസ്ഥതയുള്ള റാന്നി കൊറ്റനാട് ശ്രീ ചിത്തിര വിലാസം എന്‍എസ്എസ് കരയോഗത്തിനോ, നിലവിലെ സ്കൂള്‍ മാനേജ്മെന്‍റിനോ തട്ടിപ്പില്‍ പങ്കില്ലെന്ന് സ്കൂള്‍ മാനേജര്‍ അഡ്വ.പ്രകാശ് കുമാര്‍ പ്രതികരിച്ചു. ഇനിയെന്തു ചെയ്യണമെന്നോ ആരോട് ചോദിക്കണമെന്നോ അറിയാതെ പെരുമ്പെട്ടി പൊലീസിനെ സമീപിച്ച് പരിഹാരം കാത്തിരിക്കുകയാണ് സ്വയമറിയാതെ ലക്ഷങ്ങളുടെ ബാധ്യതക്കാരായ ഈ അധ്യാപകര്‍.