പത്തനംതിട്ട എവിടി തോട്ടത്തിൽ കടുവ ഇറങ്ങി; വനപാലകരെത്തി പരിശോധന നടത്തി

tiger-pathanamthitta
SHARE

പത്തനംതിട്ട മണിയാർ എവിടി തോട്ടത്തിൽ കടുവ ഇറങ്ങി. റബർ ടാപ്പിങ്ങ് തൊഴിലാളികളാണ് കടുവയെ കണ്ടത്. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വനപാലകരെത്തി പരിശോധന നടത്തി. രാത്രി ഒറ്റയ്ക്ക് നടക്കരുതെന്നും കൂട്ടം ചേര്‍ന്നേ സഞ്ചരിക്കാവൂ എന്നുമാണ് നാട്ടുകാര്‍ക്കുള്ള നിര്‍ദേശം.

ടാപ്പിങ് തൊഴിലാളി അലക്സ് ജോസഫ്, മണിയാർ കാർബോറാണ്ടം പദ്ധതിയിലെ സെക്യൂരിറ്റി ജീവനക്കാരൻ സുബാഷ്, കുറുങ്ങാലി ലയത്തിൽ താമസിക്കുന്ന റോജി എന്നിവരാണു കടുവയെ നേരിൽകണ്ടത്. റോഡിനോടു ചേർന്നുള്ള മരത്തിനു സമീപത്തായാണ് കടുവയെ കണ്ടതെന്ന് ഇവർ പറഞ്ഞു. സംഭവം അറിഞ്ഞ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വനപാലകരെത്തി പരിശോധന നടത്തി. രാത്രി ഒറ്റയ്ക്കു നടക്കരുതെന്ന് പ്രദേശവാസികൾക്ക് നിർദേശം നൽകി. പ്രദേശത്തു റോന്ത് ചുറ്റൽ കർശനമാക്കിയതായി വനപാലകർ പറഞ്ഞു.  മണിയാർ തൂക്കുപാലത്തിനു സമീപത്തെ കാട്ടിലാണ് കടുവയുടെ താവളമെന്ന് സംശയം. ഒന്നര മാസം മുൻപ് ഏകദേശം രണ്ട് കിലോമീറ്റർ അകലെയായി മുതലവാരത്തിനു സമീപം കടുവയെ കണ്ടിരുന്നു. 

ഇപ്പോൾ കടുവയെ കണ്ട സ്ഥലത്തിനു സമീപമാണ് രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള വനമേഖല.

കടുവയിറങ്ങിയതോടെ ജോലിക്കു പോകാന്‍ കഴിയുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. പെരുനാട്ടിലും , വടശേരിക്കരയിലും കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കടുവ കുടുങ്ങുംവരെ സമാധാനമില്ലാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. കാട്ടിലെ ജലക്ഷാമം കാരണം വെള്ളം തേടിയാണ് വന്യമൃഗങ്ങള്‌ കാടിറങ്ങുന്നത് എന്ന ആശങ്കയും നാട്ടുകാര്‍ പറയുന്നുണ്ട്.

MORE IN SOUTH
SHOW MORE