പുനലൂരിലെ സംരക്ഷണഭിത്തിയുടെ തകർച്ച; കരാറുകാരൻ സ്വന്തം ചെലവില്‍ പൂര്‍ത്തിയാക്കും

Punalur-kollam-road
SHARE

കൊല്ലം പുനലൂരില്‍ സംസ്ഥാനപാതയുടെ സംരക്ഷണഭിത്തി തകര്‍ന്നതില്‍ അന്വേഷണം തുടരും. കരാറുകാരന്റെ സ്വന്തം ചെലവില്‍ ഗാബിയന്‍ രീതിയിലുളള സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കണമെന്നാണ് കെഎസ്ടിപിയുടെ നിര്‍ദേശം. 

സംസ്ഥാനപാതയില്‍ പുനലൂര്‍ നെല്ലിപ്പളളി ഭാഗത്ത് ഗാബിയന്‍ രീതിയില്‍‌  നിര്‍മിച്ച സംരക്ഷണഭിത്തി തകര്‍ന്നത് കല്ലടയാറിന്റെ കുത്തൊഴുക്കിലെ തീവ്രത കൊണ്ടാണെന്നാണ് പ്രാഥമിക നിഗമനം. നിര്‍മാണത്തിലെ പിഴവ് ശരിവയ്ക്കുന്നതാണിത്. അടിത്തറ ബലപ്പെടാഞ്ഞതിനാല്‍ കല്ലടയാറ്റിലെ വെളളം കയറിയപ്പോള്‍ ഇടിഞ്ഞുവീണെന്ന് ചുരുക്കം. അതിനാല്‍ വിശദമായ അന്വേഷണം തുടരുമെന്ന് ‌കെഎസ്ടിപിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പുതിയ ഡിസൈന്‍ പ്രകാരം സംരക്ഷണഭിത്തി നിര്‍മിക്കും. കാരാറുകാരന്‍ സ്വന്തം ചെലവില്‍ പൂര്‍ത്തിയാക്കും. മണ്ണ് പരിശോധന ഉൾപ്പെടെ വീണ്ടും നടത്തിയ ശേഷമാകും പുനർനിർമാണം. 70 മീറ്റര്‍ നീളവും ഒന്‍പതു മീറ്റര്‍ ഉയരവുമുളള ഗാബിയന്‍ ഭിത്തിയാണ് കല്ലടയാറ്റിലേക്ക് കഴിഞ്ഞദിവസം തകര്‍ന്നുവീണത്.

ലോക ബാങ്കിന്റെ സഹായത്തോടെ 226 കോടി രൂപ മുടക്കിയാണ് കെഎസ്ടിപിയുടെ മേൽനോട്ടത്തിൽ പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാത നിർമാണം നടക്കുന്നത്. ഇതില്‍ കോന്നി പുനലൂര്‍ റീച്ചിലാണ് നിര്‍മാണപ്രവൃത്തികളെക്കുറിച്ച് പരാതികളേറെ. 

MORE IN SOUTH
SHOW MORE