കുഞ്ഞുങ്ങളുമായി തെരുവിലേക്കിറങ്ങേണ്ട ഗതികേടില്‍ കോഴഞ്ചേരിയിലെ അങ്കൻവാടി ജീവനക്കാർ

anganwadi
SHARE

സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാത്തതിനാൽ തെരുവിലേക്ക് കുഞ്ഞുങ്ങളുമായി ഇറങ്ങേണ്ട അവസ്ഥയിലാണ് കോഴഞ്ചേരി എൺപത്തിരണ്ടാം അങ്കൻവാടിയിലെ ജീവനക്കാർ. പ്രവേശനോൽസവം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് കുട്ടികളും അധ്യാപകരും ഈ ഗതികേടിലായത്.

കോഴഞ്ചേരി പഞ്ചായത്തിലെ 13-ാം വാർഡിൽ പ്രവർത്തിക്കുന്ന അങ്കനവാടിയിലെ ജീവനക്കാർക്ക് ഇനി ആശ്രയം തെരുവ് മാത്രമാണ്. മൂന്ന് വർഷമായി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് അങ്കനവാടി പ്രവർത്തിച്ചിരുന്നത്. ഇവിടെ മറ്റ് പരിപാടികൾ നടക്കുമ്പോൾ കുട്ടികളുടെ പഠനം പ്രതിസന്ധിയിലാകും. വൃത്തിഹീനമായ സ്ഥലത്താണ് കുട്ടികളെ ഇരുത്തിയിരിക്കുന്നതെന്ന പരാതിയുമുണ്ട്. ഹാൾ ഒഴിഞ്ഞ് തരണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് അധികൃതർ. 

18 വർഷമായി കോഴഞ്ചേരി ഗവ.ഹൈസ്കൂളിലായിരുന്നു അങ്കനവാടിയുടെ പ്രവർത്തനം. സ്കൂൾ പുനരുദ്ധാരണ സമയത്താണ് അങ്കനവാടി അവിടെനിന്ന്  ഒഴിപ്പിച്ചത്. സ്കൂൾ പുതുക്കി പണിതുകഴിയുമ്പോൾ അവിടെ അങ്കനവാടിക്ക് മുറി നൽകാമെന്നായിരുന്നു ഉറപ്പ്. എന്നാൽ പണി കഴിഞ്ഞപ്പോൾ സ്കൂൾ അധികൃതർ കയ്യൊഴിഞ്ഞു. മന്ത്രി വീണാ ജോർജിൻ്റെ മണ്ഡലം കൂടിയാണിത്. പ്രശ്ന പരിഹാരത്തിന് മന്ത്രിക്ക് അടക്കം നിവേദനം നൽകി കാത്തിരിക്കുകയാണ് ജീവനക്കാരും രക്ഷിതാക്കളും.

MORE IN SOUTH
SHOW MORE