മഴയിൽ സംരക്ഷണ ഭിത്തി തകർന്നു; നിലംപൊത്താറായി വീടുകൾ; ഭീതി

തിരുവനന്തപുരം പള്ളിച്ചല്‍ തോടിനു കരയില്‍ അപകടാവസ്ഥയിലായി വീടുകള്‍. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ സംരക്ഷണഭിത്തി തകര്‍ന്നതോടെ ഏതു നിമിഷവും ഇടിഞ്ഞു വീഴാറായ വീടുകള്‍ സമീപത്തെ നാട്ടുകാര്‍ക്കും ഭീക്ഷണിയാകുന്നു. താമസം മാറാന്‍ വില്ലേജ് ഓഫിസര്‍ നിര്‍ദേശം നല്‍കിയെങ്കിലും താമസിക്കാന്‍ മറ്റൊരിടമില്ലെന്നാണു വീട്ടുകാര്‍ നല്‍കിയ മറുപടി.

വെള്ളായണിക്കായലില്‍ അവസാനിക്കുന്ന തോടിന്‍റെ  പള്ളിച്ചല്‍ ഭാഗത്താണ് ഈ കാണുന്ന അപകടാവസ്ഥയിലായ വീട്. കഴിഞ്ഞ മഴയത്ത് സംരക്ഷണ ഭിത്തികള്‍ ഇങ്ങനെ തകര്‍ന്നു വീണതോടെയാണ് വീടും അപകടാവസ്ഥയിലായത്.  കരമന –കളിയിക്കാവിള പാത ഇരിട്ടിപ്പില്‍ കിടപ്പാടം നഷ്ടപ്പെട്ട ഇവിടെ താമസിച്ചവര്‍ക്ക്  പിന്നീടുള്ള ഒന്നര സെന്‍റില്‍ വീടു പണിയാന്‍ ഇളവുനല്‍കി. ഇപ്പോള്‍ വീടിന്‍റെ അസ്ഥിവാരം വരെ തകര്‍ന്നിട്ടുണ്ട്. ഇതോടെ ഇതുവഴി പോകുന്നവരും ഭയത്തിലാണ്

പഞ്ചായത്ത് മെമ്പറടക്കം ഇടപെട്ടതോടെ വില്ലേജ് ഓഫിസര്‍ എത്തി വീടൊഴിയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പോകാന്‍ മറ്റൊരിടമില്ലെന്നാണ് വീട്ടുകാര്‍ അധികൃതരെ അറിയിച്ചത്. നിർമാണ ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ പഞ്ചായത്ത് ഈ വീടുകള്‍ക്ക് ഇതുവരെയും നമ്പര്‍ നല്‍കിയിട്ടില്ല.