മണര്‍കാട് എട്ടുനോമ്പ് പെരുന്നാള്‍;നട തുറക്കല്‍ ഇന്ന്;അനുഗ്രഹം ചൊരിഞ്ഞ് റാസ

manarkad-rasa
SHARE

മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച നട തുറക്കൽ ഇന്ന്. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. പ്രദക്ഷിണ വീഥികളിൽ അനുഗ്രഹം ചൊരിഞ്ഞ് നിയന്ത്രണങ്ങളോടെ റാസ നടന്നു. 

ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് തിരുനാളിനോട് അനുബന്ധിച്ചാണ് എല്ലാ വര്‍ഷവും റാസ നടക്കുന്നത്. ഏഷ്യയിലെ തന്നെ എറ്റവും ദൈര്‍ഘ്യമേറിയ പ്രദക്ഷിണമാണ് മണര്‍കാട് പള്ളിയിലെ റാസ. പതിനായിരങ്ങള്‍ പങ്കെടുക്കാറുള്ള റാസ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും വിശ്വാസികളെ ഒഴിവാക്കി വാഹനത്തിലാണ് ക്രമീകരിച്ചത്. ഉച്ചകഴിഞ്ഞ് കത്തീഡ്രലിലെ പ്രാർഥനയെ തുടർന്നാണ് ചടങ്ങ് മാത്രമായി റാസ ഇറങ്ങിയത്. പ്രദക്ഷിണ വീഥികളില്‍ വിശ്വാസികള്‍ ഭക്ത്യാദരപൂര്‍വം റാസയെ വരവേറ്റു. മണർകാട് പള്ളിയുടെ രൂപത്തിലുള്ള വാഹന രഥം റാസയിലെ ആകർഷക കാഴ്ചയായി. 

കണിയാംകുന്ന് കുരിശിന്‍തൊട്ടി, മണര്‍കാട് കവലയിലെ കുരിശിന്‍ തൊട്ടി എന്നിവിടങ്ങളില്‍ ധൂപ പ്രാര്‍ത്ഥനയ്ക്ക് ശേഷം കരോട്ടെ പള്ളി ചുറ്റി കത്തീഡ്രല്‍ അങ്കണത്തില്‍ റാസ തിരികെയെത്തി. തിരുനാളിന്റെ അവസാന ദിനങ്ങളില്‍ പള്ളിയിലെ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം വിശ്വാസികള്‍ക്ക് വണക്കത്തിനായി ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് നടതുറക്കും.  നടതുറക്കല്‍ ചടങ്ങിലും ഈവര്‍ഷം പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

MORE IN SOUTH
SHOW MORE
Loading...
Loading...