തിരുവനന്തപുരം മെഡിക്കൽ കോളജിലെ കാത്ത് ലാബിന്റെ പ്രവർത്തനം നിലച്ചു; രോഗികൾ ദുരിതത്തിൽ

trivandrum-medical-college
SHARE

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ട് കാത്ത് ലാബുകളിലൊന്നിന്റെ പ്രവര്‍ത്തനം നിലച്ചു. മെഷീന്‍ തകരാറിലായതാണ് കാരണം. ഇതോടെ ഹൃദയശസ്ത്രക്രീയകള്‍ക്കായി മാസങ്ങള്‍ കാത്തിരിക്കേണ്ട ഗതികേടിലാണ് രോഗികള്‍. എന്നാല്‍ അടിയന്തിര ശസ്ത്രക്രീയകള്‍ മുടങ്ങില്ലെന്നും തകരാര്‍ പരിഹരിച്ച് ലാബ് ഉടന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വിഡിയോ റിപ്പോർട്ട് കാണാം. 

നൂറുകണക്കിന് ഹൃദ്രോഗികളെത്തുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രണ്ട് കാത്ത് ലാബുകളാണുള്ളത്. ഇതില്‍ കെഎച്ച്ആര്‍ഡബ്ളിയുഎസിന്റെ കീഴിലുള്ള കാത്ത് ലാബാണ് യന്ത്രത്തകരാറ് മൂലം രണ്ടാഴ്ചയിലേറെയായി പൂട്ടിക്കിടക്കുന്നത്. കുറഞ്ഞ നിരക്കിലെ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ളാസ്റ്റി ശസ്ത്രക്രീയകള്‍ക്കായി ഒട്ടേറെപ്പേര്‍ ആശ്രയിച്ചിരുന്ന ലാബായിരുന്നു. ഇപ്പോള്‍ അടിയന്തിരമല്ലാത്ത എല്ലാ ശസ്ത്രക്രീയകളും അടുത്ത മാര്‍ച്ച് വരെ മാറ്റിവച്ചിരിക്കുകയാണ്. യന്ത്രത്തിന്റെ കാലപ്പഴക്കവും വാര്‍ഷിക അറ്റകുറ്റപ്പണികള്‍ മുടങ്ങിയതുമാണ് തകരാറിന് കാരണമെന്നാണ് ആക്ഷേപം.

2009 ല്‍ എട്ട് കോടി മുടക്കി സ്ഥാപിച്ച യന്ത്രത്തിന്റെ കാലാവധി 2020 ല്‍ കഴിഞ്ഞു. അതോടെ യന്ത്രം സ്ഥാപിച്ച സ്വകാര്യ കമ്പനിയുമായുള്ള കരാറുമില്ലാതായതിനാല്‍ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ മുടങ്ങി. കാലാവധി തീര്‍ന്ന യന്ത്രം അറ്റകുറ്റപ്പണി നടത്തിയിട്ട് പ്രയോജനമില്ലെന്നും അപ്ഗ്രേഡ് ചെയ്യണമെന്നുമാണ് കമ്പനിയുടെ നിലപാട്. ഇതിന് രണ്ടരക്കോടി രൂപയെങ്കിലും ചെലവാകുമെന്നതിനാല്‍ സാമ്പത്തിക പ്രതിസന്ധിയിലുള്ള കെഎച്ച്ആര്‍ഡബ്ളിയുഎസ് അതിന് തയാറായിട്ടുമില്ല. എന്നാല്‍ ശസ്ത്രക്രീയകള്‍ മാറ്റിവയ്ക്കുന്നത് കോവിഡായതിനാലാണന്നും തകരാര്‍ താല്‍കാലികമായി പരിഹരിച്ച്  ലാബ് പ്രവര്‍ത്തനം രണ്ടാഴ്ചക്കുള്ളില്‍ പുനരാരംഭിക്കുമെന്നും കെഎച്ച്ആര്‍ഡബ്ളിയുഎസ് എംഡി അറിയിച്ചു.

MORE IN SOUTH
SHOW MORE
Loading...
Loading...