പാടശേഖര സമിതികളുടെ ഏകോപനമില്ല; 500 ഏക്കറിലെ നെൽകൃഷി പ്രതിസന്ധിയിൽ

kallarakrishi-02
SHARE

പാടശേഖര സമിതികളുടെ ഏകോപനമില്ലാത്തതിനാൽ വൈക്കം കല്ലറ പഞ്ചായത്തിൽ 500 ഏക്കറിലെ നെൽകൃഷി പ്രതിസന്ധിയിൽ. ചേനക്കാല പാടശേഖരത്തിൽ കൃഷിയിറക്കാത്തതിനാൽ സമീപത്തെ മൂന്ന് പാടശേഖരങ്ങളിൽ വെള്ളം കയറുന്നതാണ് കർഷകരെ വലയ്ക്കുന്നത്. പ്രശ്ന പരിഹാരത്തിന് കൃഷിവകുപ്പിന്റെ അടിയന്തിര ഇടപെടൽ കർഷകർ ആവശ്യപ്പെടുന്നു. 

280 ഏക്കർ വരുന്ന മാലിക്കരി, 180 ഏക്കറുള്ള കോട്ടയംകരി 90 ഏക്കർ വേളൂക്കരി എന്നീ പാടശേഖരങ്ങളിലാണ് വെള്ളം കയറി കൃഷി മുടങ്ങിയത്.  140 ഏക്കർ വരുന്ന ചേനക്കാലപാടശേഖരവുമായി ചേർന്ന് കിടക്കുന്നതാണ് 500 ഏക്കർ പാടം.  നാല് പാടശേഖരങ്ങളിലും ഒരുമിച്ച്  വിത്തിറക്കിയില്ലെങ്കിൽ മറ്റു പാടങ്ങളിൽ വെള്ളം കയറും. ചേനക്കാലപാടശേഖര സമിതി കൃഷിയിറക്കാത്തതിനാൽ മോട്ടോർ തറയിലെ ബണ്ട് തകർന്ന് മറ്റ് മൂന്ന് പാടശേഖരങ്ങളിലേക്കും വെള്ളം കയറി. പുഞ്ചകൃഷിക്കായി കന്നിമാസത്തിൽ വിത്തിറക്കാൻ ഒരു മാസം തുടർച്ചയായി മോട്ടോർ പ്രവർത്തിച്ചു് വെള്ളം വറ്റിച്ച പാടശേഖരങ്ങളാണിത്. ഏക്കറിന് 6500 രൂപക്ക് പാട്ടത്തിനെടുത്ത് കൃഷി ചെയ്യാനെത്തിയ സമീപ ജില്ലയിലെ കർഷകരും ഏക്കറിന് 5000 രൂപ മുടക്കി വിതച്ച പാട്ടകർഷകരുമാണ്  പ്രതിസന്ധിയിലായത്. കൃഷി വകുപ്പിൻ്റെ ഏകോപനം പാളിയതാണ് കർഷകരെ വലക്കുന്നത്.

വിത താമസിച്ചാൽ  മഴകിട്ടാതെയും ഓരു വെള്ള ഭീഷണിയും പുഞ്ചകൃഷിയെ നഷ്ടത്തിലാക്കുമെന്നാണ് ആശങ്ക.  നിലം ഉഴാനായി ടെണ്ടർ വിളിച്ച് ട്രാക്ടർ ഇറക്കുന്നത് ലാഭകരമെന്നിരിക്കെ ഇത് പ്രാദേശിക തൊഴിലാളികൾ തടയുന്നതും, ഉഴവിനായി അമിതവാടക ഈടാക്കുന്നതും കൃഷി ഉപേക്ഷിക്കാൻ കർഷകരെ നിർബന്ധിതരാക്കുന്നു. പുഞ്ചകൃഷി അടുത്ത മാസം 15ന് മുമ്പ് തന്നെ തുടങ്ങാൻ നടപടിയെടുക്കുമെന്നാണ് കൃഷി വകുപ്പിൻ്റെ വിശദീകരണം.

MORE IN SOUTH
SHOW MORE
Loading...
Loading...