തിരുവനന്തപുരത്ത് ആശങ്കയുണർത്തി മൂന്ന് ഹോട്ട്സ്പോട്ടുകൾ; ജാഗ്രത

venjaramoodu-05
SHARE

തിരുവനന്തപുരത്ത് ഇന്നലെ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ലെങ്കിലും ജില്ലയിലെ മൂന്ന് പ്രദേശങ്ങൾ ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ചത് ആശങ്കയുയര്‍ത്തുന്നു. വെഞ്ഞാറമ്മൂട്, നാവായിക്കുളം, കുളത്തൂർ എന്നീ പ്രദേശങ്ങളാണ് ഹോട്‌സ്പോട്ട് ലിസ്റ്റിൽ കയറിയത്. അതേസമയം കോവിഡ് സ്ഥിരീകരിച്ച അബ്കാരി കേസ് പ്രതിക്ക് രോഗം എവിടെ നിന്നെന്ന് കണ്ടെത്താനും റൂട്ട് മാപ്പ് തയാറാക്കാനും കഴിഞ്ഞിട്ടില്ല.

വെഞ്ഞാറമൂട് സ്വദേശിയായ അബ്കാരി കേസ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് വെഞ്ഞാറമൂട് ടൗൺ ഉൾപ്പെടുന്ന നെല്ലനാട് പ‍ഞ്ചായത്ത് ഹോട്സ്പോട്ടാക്കിയത്. ഇതോടെ പഞ്ചായത്തിൽ ഉണ്ടായിരുന്ന ഇളവുകള്‍ പിൻവലിച്ചു. ആദ്യ ലോക് ഡൗൺ കാലത്തെ ഇളവുകൾ മാത്രമാണ് അനുവദിക്കുക. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെ മാത്രം പ്രവർത്തിക്കും. സ്കൂളുകളിൽ നടക്കുന്ന പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ലെങ്കിലും ഓട്ടോ ടാക്സി സർവീസ് അനുവദിക്കില്ല. 

സമ്പർക്കത്തിലൂടെയാണ് നാവായിക്കുളം, പൊഴിയൂർ സ്വദേശികൾക്ക് കോവിഡ് വൈറസ് ബാധയുണ്ടായത്. ഈ പ്രദേശങ്ങൾ ഹോട്സ്പോട്ടാക്കി മാറ്റിയതിലൂടെ സമ്പർക്കത്തിലൂടെയുള്ള വൈറസ് ബാധ തടയുകയാണു ലക്ഷ്യം. സുരക്ഷ ശക്തിപ്പെടുത്താൻ പൊലീസും നടപടി തുടങ്ങി. കോവിഡ് ബാധിച്ച 29 പേരാണ് ജില്ലയിൽ ചികില്‍സയിലുള്ളത്. കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച 28 പേരെ ഇന്നലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചപ്പോള്‍ 18 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. എന്നാല്‍ രോഗം സ്ഥിരീകരിച്ച വെഞ്ഞാറമൂട്ടിലെ അബ്കാരി കേസ് പ്രതിയാണ് ഏറെ ആശങ്ക ഉയര്‍ത്തുന്നത്.  നാല് ദിവസം കഴിയുമ്പോഴും എവിെട നിന്നാണ് ഇദേഹത്തിന് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. ഇദേഹം എത്രപേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്ന് ഉറപ്പിച്ച് റൂട്ട് മാപ്പ് പുറത്തിറക്കാനും സാധിച്ചിട്ടില്ല. 

MORE IN SOUTH
SHOW MORE
Loading...
Loading...