കുത്തഴിഞ്ഞ സംഘാടനം; നിറംമങ്ങി യുവജനോല്‍സവം: പരാതി പ്രവാഹം

തിരുവനന്തപുരത്ത് നടക്കുന്ന കേരള യൂണിവേഴ്സിറ്റി കലോല്‍സവത്തിന്റെ ശോഭ കെടുത്തി കുത്തഴിഞ്ഞ സംഘാടനം. മല്‍സരങ്ങള്‍ മണിക്കൂറുകള്‍ വൈകുന്നതിനുപുറമേ വേദി മാറ്റവും മല്‍സരാര്‍ഥികള്‍ക്ക് ഇരുട്ടടിയായി. അതേസമയം തൊണ്ണൂറ്റിയേഴ് പോയിന്റുമായി മാർ ഇവാനിയോസ് കോളജ് ആധിപത്യം തുടരുകയാണ്. 

പൊതുവെ വൈകിയാണ് കേരള യൂണിവേഴ്സിറ്റി കലോല്‍സവത്തിലെ മല്‍സരവണ്ടികളെല്ലാം ഓടുന്നത്. മൂന്നാം ദിവസം പിന്നിടുമ്പോഴും അതിന് മാറ്റമില്ല. ഒമ്പത് മണിക്ക് മൽസരങ്ങൾ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഉച്ചയോട‌െയാണ് വേദികളിൽ അനക്കം വീണത്. കലോല്‍സവത്തിന്റെ മുഖ വാചകം പോലെ പലായനമായിരുന്നു മല്‍സരാര്‍ഥികള്‍ നേരിട്ട മറ്റൊരു ദുര്‍വിധി. കാര്യവട്ടം ഗവണ്‍മെന്റ് കോളജില്‍ നടക്കേണ്ടിയിരുന്ന മോഹിനിയാട്ടവും മാർഗംകളിയും മുന്നറിയിപ്പില്ലാതെ അഞ്ച് കിലോമീറ്റർ അകലെയുള്ള എസ്എൻ കോളജിലെ വേദിയിലേക്ക് മാറ്റിയത് മല്‍സരാര്‍ഥികളെ അക്ഷരാര്‍ഥത്തില്‍ വലച്ചു. മണിക്കൂറുകളായി മേക്കപ്പിട്ട് കാത്തിരുന്ന മല്‍സരാര്‍ഥികള്‍ വിശന്നു വലഞ്ഞു.

എന്നാല്‍ സമയബന്ധിതമായി മൽസരങ്ങൾ അവസാനിക്കാത്തതാണ് വേദി മാറ്റാന്‍ കാരണമെന്നാണ് സംഘാടകരുടെ വിശദീകരണം. ‌പ്രധാന വേദിയായ കാര്യവ‌ട്ടം ഗവണ്‍മെന്റ് കോളജിലെ ശുചിമുറികളിലടക്കം വെള്ളമില്ലെന്ന പരാതിയും യുവജനോല്‍സവത്തിന്റെ നിറം കെടുത്തുന്നുണ്ട്.