ഭക്തർക്ക് സ്വന്തം നിലയിൽ ഇടത്താവളം നിർമിക്കില്ലെന്ന് നഗരസഭ; പ്രതിഷേധം

sabari
SHARE

തിരുവല്ലയില്‍ അയ്യപ്പഭക്തര്‍ക്കായി സ്വന്തംനിലയില്‍ ഇടത്താവളം നിര്‍മിക്കേണ്ടതില്ലെന്ന് നഗരസഭയുടെ തീരുമാനം. സന്നദ്ധസംഘടനകള്‍ മുന്നോട്ടുവന്നാല്‍ സഹായിക്കും. അല്ലെങ്കില്‍ , സര്‍ക്കാര്‍ അനുവദിച്ച തുക, അടിസ്ഥാനസൗകര്യ വികസനത്തിന് ഉപയോഗിക്കാനാണ് നീക്കം. വര്‍ഷാവര്‍ഷം ഉപയോഗിച്ചിരുന്ന മൈതാനത്തുനിന്ന് ഇടത്താവളംമാറ്റാനുള്ള നഗരസഭാതീരുമാനം നേരത്തെ വിവാദത്തിലായിരുന്നു. 

നഗരസഭാ മൈതാനത്തുനിന്ന്, ഓപ്പണ്‍സ്റ്റേജ് ഭാഗത്തേക്ക് ഇടത്താവളംമാറ്റാനുളള നീക്കത്തെ ചില സംഘടനകള്‍ എതിര്‍ത്തിരുന്നു. ബൈപാസ് റോഡ് വന്നതോടെ കുഴിയിലായ ഈഭാഗത്തേക്ക് അയ്യപ്പന്‍മാര്‍ക്ക് എത്താന്‍ ബുദ്ധിമുട്ടാകുമെന്നും, വാഹനപാര്‍ക്കിങ് അടക്കം താറുമാറാകും എന്നതുമായിരുന്നു എതിര്‍പ്പിന് കാരണം. സംഘടനകളെ കൂടാതെ ചില കൗണ്‍സിലര്‍മാരും എതിര്‍പ്പുമായെത്തിയതോടെ നഗരസഭ സ്വന്തമായി ഇത്തവണ ഇടത്താവളം നിര്‍മിച്ചുനല്‍കേണ്ടതില്ലെന്ന് തീരുമാനമെടുക്കുകയായിരുന്നു. പകരം, ഏതെങ്കിലും സംഘടനകള്‍ ഇടത്താവളമൊരുക്കാന്‍ രംഗത്തെത്തിയാല്‍ അവരെ സഹായിക്കും. മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചതുള്‍പ്പെടെ പക്കലുള്ള 31ലക്ഷംരൂപ റോഡിലെ കുഴയടക്കല്‍ , വഴിവിളക്ക് തുടങ്ങി അടിസ്ഥാനസൗകര്യവികസനത്തിനായി ഉപയോഗപ്പെടുത്താനാണ് നീക്കം. 

മറ്റ് പരിപാടികള്‍ക്കുകൂടി ഉപയോഗപ്പെടുംവിധം സ്ഥിരം ഇടത്താവളത്തിനായി സ്ഥലംകണ്ടെത്തുമെന്നും നഗരസഭ അധ്യക്ഷന്‍ പറയുന്നു. എന്നാല്‍ , ശബരിമല തീര്‍ഥാടനം മുന്‍നിര്‍ത്തിയുള്ള നിരവധി വികസനസാധ്യതകള്‍ നിലനില്‍ക്കുമ്പോള്‍ അതിനെ കൃത്യമായി ഉപയോഗപ്പെടുത്താന്‍ നഗരസഭയ്ക്ക് കഴിയുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം. സ്വന്തംനിലയില്‍ ഇടത്താവളം വേണ്ടെന്ന തീരുമാനത്തിലും പ്രതിഷേധം ഉയരുന്നുണ്ട്. 

MORE IN SOUTH
SHOW MORE
Loading...
Loading...