പരുമല പെരുന്നാളിന് ഇന്ന് സമാപനം; പ്രാർത്ഥനകളോടെ ആയിരങ്ങൾ

പരിശുദ്ധ പരുമലതിരുമേനിയുടെ 117ാം ഓര്‍മ്മപെരുന്നാളിന് ഇന്ന് സമാപനമാകും. വ്രതശുദ്ധിയോടെയും പ്രാര്‍ഥനകളോടെയും ആയിരങ്ങളാണ് പരുമലയിലേക്ക് ഇപ്പോഴും ഒഴുകിയെത്തുന്നത്. വൈകിട്ട് മൂന്നിനാണ് കൊടിയിറക്കം. 

വിശ്വാസികള്‍ക്ക് ഭക്തിനിര്‍ഭരമായ അനുഭവങ്ങള്‍ സമ്മാനിച്ച് ഒരു തീര്‍ത്ഥാടനകാലത്തിനുകൂടി പരിസമാപ്തിയാവുകയാണ്. പരുമലതിരുമേനിയുടെ 117ാം ഓര്‍മ്മപെരുന്നാളിന് ഇന്ന് വൈകിട്ടോടെ സമാപനമാകും. ഇന്നലെ പുലര്‍ച്ചെമുതല്‍ പരുമലയിലേക്ക് തീര്‍ഥാടകരുടെ നിലക്കാത്ത പ്രവാഹമാണ്. പരുമല തിരുമേനിയുടെ ജന്മനാടായ മുളന്തുരുത്തിയിൽ നിന്നുള്ള പദയാത്രസംഘം രാത്രിയോടെ എത്തിച്ചേർന്നു. ചെങ്ങന്നൂരിലും, തിരുവല്ലയിലും ട്രെയിൻമാർഗമെത്തി പരുമലയിലേക്ക് കാൽനടയായി എത്തുന്നവരും അനേകമാണ്. പുതിയ കാലഘട്ടത്തില്‍ പരുമല തിരുമേനിയെ മാതൃകയാക്കേണ്ടത് അനിവാര്യതയാണെന്ന് തീർഥാടക വാരാഘോഷ സമാപനസമ്മേളനത്തില്‍ കാതോലിക്കാ ബാവ പറഞ്ഞു. 

നന്മയിലൂടെമാത്രം മനുഷ്യനെ കാണുവാനാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് ഡോ.ജോസഫ് മാർ ദിവന്നാസിയോസ് അഭിപ്രായപ്പെട്ടു. ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്നുവന്ന 144 മണിക്കൂര്‍ അഖണ്ഡ പ്രാര്‍ഥനയ്ക്കും സമാപനമായി. ഉച്ചതിരിഞ്ഞ് നടക്കുന്ന റാസയ്ക്കും, കബറിങ്കൽ ധൂപ പ്രാർഥനയ്ക്കും ശേഷമാണ് കൊടിയിറക്ക്.