പ്രതിസന്ധിക്ക് അയവില്ലാതെ കശുവണ്ടി മേഖല

കശുവണ്ടി മേഖലയിലെ പ്രതിസന്ധിയുടെ ആക്കം കൂടി വിദേശത്തു നിന്നുള്ള ഗുണനിലവാരമില്ലാത്ത പരിപ്പിന്റെ ഇറക്കുമതി. കാലിത്തീറ്റയെന്ന പേരിലാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നടക്കം ‌പരിപ്പ് ഇറക്കുമതി ചെയ്യുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടാണ് അനധികൃത ഇറക്കുമതിയെന്നും ആക്ഷേപമുണ്ട്. 

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കശുവണ്ടി മേഖലയില്‍ സമരങ്ങള്‍ പതിവാണ്. നിലനില്‍പ്പിനായി സ്ത്രീ തൊഴിലാളികള്‍ നടത്തിയ സമരങ്ങള്‍ ഫലം കണ്ടു തുടങ്ങിയപ്പോഴാണ് പുതിയ പ്രതിസന്ധി. ആഫ്രിക്കന്‍ രാജ്യങ്ങള്‍ പുറംതള്ളുന്ന ഗുണനിലവാരമില്ലാത്ത കശുവണ്ടി പരിപ്പ് വന്‍കിട വ്യവസായികള്‍ കൊള്ളലാഭത്തിനായി ഇറക്കുമതി ചെയ്യുന്നു. കാലിത്തീറ്റയെന്ന വ്യാജേന ഇറക്കുമതി ചെയ്യുന്നവ ഗുണനിലവാരമുള്ള പരിപ്പിനൊപ്പം ചേര്‍ത്ത് ആഭ്യന്തര വിപണയിലടക്കം വില കുറച്ച് വില്‍ക്കുകയാണ്. 

വിലക്കുറവുള്ള ഗുണനിലവാരമില്ലാത്ത പരിപ്പ് വിപണയില്‍ സുലഭമായതിനാല്‍ നല്ലപരിപ്പ് കെട്ടികിടക്കുന്നു. ഇതു ചെറികിട വ്യവസായികളെയും തൊഴിലാളികളെയും പ്രതിസന്ധിയിലാക്കുന്നു. കേന്ദ്രപൊതുമേഖല സ്ഥാപനമായ സി.ഇ.പി.സി.ഐയിലെ ഉദ്യോഗസ്ഥരുടെ പിൻതുണയോടെയാണ് ഈ തട്ടിപ്പെന്നാണ് ആരോപണം.